ബംഗളൂരു: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമലിലെടുത്ത് 60 കിലോമീറ്ററോളം നടന്ന ദാനേഷ് മാഞ്ചിയെ ഇന്ത്യയ്ക്ക് അറിയാം. ദാനേഷ് മാഞ്ചിക്ക് മുമ്പും ശേഷവും ചിലര്‍ ആംബുലന്‍സ് നിഷേധിക്കപ്പെട്ടതു കൊണ്ടും ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതുകൊണ്ടും പ്രിയപ്പെട്ടവരുടെ മൃതദേഹവും ചുമന്ന് നടന്നിട്ടുണ്ട്.കര്‍ണാടകയിലെ അനകേല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ നിന്ന് മൂന്നുവയസ്സുകാരനായ മകന്റെ മൃതദേഹം ചുമലില്‍ കിടത്തി ആംബുലന്‍സ് കാത്തുനില്‍ക്കുന്ന അച്ഛന്റെ ചിത്രമാണ് അവഗണനയ്ക്കിരയായി മാഞ്ചിയെ ഓര്‍മിപ്പിച്ചുകൊണ്ട് നില്‍ക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം ഇയാള്‍ ആംബുലന്‍സിനായി വിതുമ്പിക്കൊണ്ട് കാത്തുനിന്നു. ആസാമില്‍ നിന്ന് കര്‍ണാടകയിലെത്തി തൊഴില്‍ ചെയ്യുന്ന ദമ്പതിമാരുടെ മകന്‍ റഹീമാണ് അനകേല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രി, മരിച്ച മകനെയും എടുത്ത് ഏറെനേരം ആംബുലന്‍സ് കാത്തുനിന്നെങ്കിലും കിട്ടിയില്ല, ഒടുവില്‍ അതുവഴി വന്ന ഒരു ബൈക്കിലാണ് മകന്റെ മൃതദേഹം കൊണ്ടുപോയത്. പബ്ലിക് ടിവി എന്ന കന്നഡ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്.
ഞായറാഴ്ച വീട്ടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന റഹീമിന് ബൈക്ക് തട്ടി പരിക്കേല്‍ക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ എത്തിച്ചയുടന്‍ തന്നെ റഹീം മരിക്കുകയും ചെയ്തു. ആശുപത്രി അധികൃതകര്‍ പറയുന്നത് ആംബുലന്‍സ് നിഷേധിച്ചിട്ടില്ലെന്നാണ്. കുട്ടി മരിച്ച വിവരം അറിഞ്ഞയുടന്‍ കുട്ടിയുടെ ശരീരവുമായി അച്ഛന്‍ പുറത്തേക്കിറങ്ങി പ്പോകുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇയാളെ തിരഞ്ഞ് ഡോക്ടര്‍മാര്‍ ചെന്നെങ്കിലും അപ്പോഴേക്കും ബൈക്കില്‍ കയറിപ്പോയതായി സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരെ അറിയിച്ചു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ഇതേ ആശുപത്രിയിലേക്കാണ് റഹീമിനെ കൊണ്ടുവന്നത്.