സ്‌പോട്‌സ് ലേഖകൻ
മുംബൈ: അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ യുവ നിര തോറ്റമ്പിയപ്പോൾ, ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യൻ സീനിയർ ടീം വൻ വിജയം സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം മത്സരത്തിൽ തുടർച്ചയായ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം പരമ്പര നേട്ടവും സ്വന്തമാക്കി.
ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം വെസ്റ്റ് ഇൻഡീസിന്. ഫൈനലിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് വിൻഡീസ്‌കന്നി കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 146 റൺസ് മൂന്ന് പന്തുകള്ഡ ശേഷിക്കേ വിൻഡീസ് മറികടന്നു. കീമോ പോളിന്റേയും കീസി കാർട്ടിയുടേയും ഇന്നിംഗിസിന്റെ മികവിലാണ് വിൻഡീസ് കിരീടം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മായങ്ക് ഡാഗർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.1 ഓവറിൽ 145 റൺസിന് പുറത്താവുകയായിരുന്നു. മധ്യനിരയിൽ സർഫറാസ് ഖാൻ നേടിയ അർദ്ധ സഞ്ച്വറിയാണ് ഇന്ത്യയുടെ സ്‌കോർ ഉയർത്തിയത്. മഹിപാൽ, രാഹുൽ ബാതം എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. സ്‌കോർ മൂന്നിൽ എത്തിയപ്പോൾ തന്നെ ഇന്ത്യയ്ക്ക് ഓപ്പണറായ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. പത്ത് ഓവറിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നേടിയ പേസർ അൽസാരി ജോസഫാണ് മുൻനിരയെ തകർത്തത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിനും തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഒരവസരത്തിൽ പതറിയ വിൻഡീസിനെ കേസി കാർട്ടിയും കീമോ പോളും ചേർന്ന് കരകയറ്റുകയായിരുന്നു. സാവധാനത്തിൽ കരുതലോടെ ആണ് വിൻഡീസ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോയത്. ജയിക്കാൻ അവസാന ഓവറിൽ മൂന്ന് റൺസ് വേണ്ടിയിരുന്ന വിൻഡീസ് മൂന്ന് പന്തുകൾ ശേഷിക്കേ ലക്ഷ്യം മറികടന്നു.
നേരത്തെ 2000,2008,2012 എന്നീ വർഷങ്ങളിൽ ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയിരുന്നു.