അർജുൻ ദൗത്യം: വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ, ഐബോഡ് ! അടിയൊഴുക്ക് ശക്തം ! മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനായില്ല

ബെഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യം 11 ആം ദിവസം പിന്നിടുമ്പോൾ കടുത്ത പ്രതിസന്ധി. അതിശക്തമായ അടിയൊഴുക്ക് തുടരുന്ന ഗംഗാവലി പുഴയിൽ ഇന്നും ഡൈവർമാർക്ക് ഇറങ്ങാൻ ആയില്ല. ഗംഗാവലിയിലെ അടിയൊഴുക്ക് ഏഴ് നോട്ടിന് മുകളിലാണ്. ഒഴുക്കിന്റെ ശക്തി മൂന്നിലൊന്നായി കുറഞ്ഞാൽ മാത്രമേ നദിയിൽ നേരിട്ട് ഇറങ്ങി ലോറിക്ക് അരികിലേക്ക് എത്താൻ കഴിയുകയുളളു. ചെളി നിറഞ്ഞ വെള്ളമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഒന്നും കാണാനുമാകില്ല.

ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരുകയാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകളും പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നുണ്ട്.
നേവിയുടെയും ആർമിയുടെയും ഐബോഡ് സംഘത്തിന്റെയും സംയുക്ത തെരച്ചിലിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ ഇനിയെന്ത് വേണം എന്നതിൽ നിർണ്ണായക യോഗം ഉച്ചയ്ക്ക് ശേഷം നടക്കും. ദൗത്യ സംഘ പ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമാണ് യോഗം ചേരുന്നത്. കനത്ത മഴ തുടരുന്നതിനാൽ ഈ ദിവസങ്ങളിൽ ദൗത്യം പ്രായോഗികമല്ലെന്ന് ഉത്തര കന്നഡ ജില്ല ഭരണകൂടം വ്യക്തമാക്കുന്നു. ദൗത്യസംഘത്തിന്റെ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം കേരളത്തിൽ നിന്നെത്തുന്ന മന്ത്രിതല സംഘത്തെ കർണാടക സർക്കാർ അറിയിക്കും.
Top