സ്വന്തം ലേഖകൻ
കോട്ടയം: അ്ശ്ലീലതയുടെ അതിർവരമ്പ് ലംഘിച്ച സ്‌കൂൾ മാനേജ്‌മെന്റ് ഒടുവിൽ സോഷ്യൽ മീഡിയയിലെയും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളുടെയും പോരാട്ടത്തിനു മുന്നിൽ കീഴടങ്ങി. അടിവസ്ത്രത്തിനു സമാനമായി കുട്ടികളെ ധരിപ്പിച്ച വസ്ത്രം മാറ്റാനും മാനേജ്‌മെന്റ് തയ്യാറായി. യൂണിഫോം മാറ്റി നൽകുന്നതിനുള്ള ചിലവ് സ്‌കൂൾ മാനേജ്‌മെന്റ് തന്നെ വഹിക്കും. അശ്ലീലതയുടെ അതിർവരമ്പ് ലംഘിക്കുന്നതായി പരാതി ഉയർന്ന അരുവിത്തുറ സെന്റ് അൽഫോൺസാ പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളജിലെ പെൺകുട്ടികളുടെ യൂണിഫോം മാറ്റി നൽകാൻ സ്‌കൂൾ പിടിഎയാണ് ഒടുവിൽ തീരുമാനിച്തത്. യൂണിഫോമിനു പുറത്തെ അശ്ലീലമായി തോന്നുന്ന ജാക്കറ്റ് മാറ്റി നൽകാനാണ് സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഈ ജാക്കറ്റിനു പകരമായി പുതിയ ഓവർക്കോട് പെൺകുട്ടികൾക്കു നൽകും. ഇതിന്റെ ചിലവ് സ്‌കൂൾ മാനേജ്‌മെന്റ് വഹിക്കുന്നതിനും തീരുമാനമായി. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പ്രമുഖ,മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്ത ഒതുക്കിയപ്പോഴാണ് ഓൺലൈൻ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു നടത്തിയ പോരാട്ടം ഒടുവിൽ വിജയം കണ്ടെത്തിയിരിക്കുന്നത്.
അരുവിത്തുറ സെന്റ് അൽഫോൺസാ പബ്ലിക്ക് സ്‌കൂളിന്റെ യൂണിഫോം അശ്ലീലമായി തോന്നുന്നതായി കഴിഞ്ഞ ദിവസമാണ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതേ തുടർന്നു വിവിധ മേഖലകളിൽ നിന്നു കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്നു സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണം ശക്തമായതോടെയാണ് സ്‌കൂൾ അധികൃതർ സ്‌കൂൾ പിടിഎ വിളിച്ചു ചേർത്ത് മാതാപിതാക്കളുടെ പരാതികൾ കേൾക്കാൻ തീരുമാനിച്ചത്. ഇന്നലെ ചേർന്ന പിടിഎ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്.
എന്നാൽ, സ്‌കൂൾ യൂണിഫോം വികൃതമായി ചിത്രീകരിച്ചു പെൺകുട്ടികളെ അപമാനിക്കും വിധം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നു സ്‌കൂളിലെ അധ്യാപക രക്ഷകർത്തൃ സമിതി അറിയിച്ചു. സ്‌കൂളിനെ കളങ്കപ്പെടുത്താനുള്ള ചില തല്പര കക്ഷികളുടെ നീക്കത്തിൽ യോഗം അതിയായ ദുഖവും രേഖപ്പെടുത്തി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്ന ദിവസം തന്നെ ഇത്തരത്തിൽ പ്രചാരണമുണ്ടായതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.
പിടിഎ പ്രസിഡന്റ് സാബു പൂണ്ടിക്കുളത്തിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സി.ആനി കല്ലറങ്ങാട്ട്, പ്രിൻസിപ്പൽ സി.റോസിലി, പിടിഎ സെക്രട്ടറി ജോൺസൺ ചെറുവള്ളിൽ, സാന്റോ സി.പുല്ലാട്ട്, അഭിലാഷ് കെ.മാത്യു, എ.സുലൈമാൻ, ടി.ഡി ജോർജ്, ഷൈനി മാത്യു, കെ.പി രാജു, സിജോ ജോസഫ്, ഡിജോ പ്ലാത്തോട്ടം, ഡോ.ജോൺസൺ മേക്കാട്ട്, പ്രസാദ് പി.ജോർജ് എന്നിവർ പ്രസംഗിച്ചു.