ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം. ക്രീം നിറത്തിലുള്ള ഷര്‍ട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂനിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്‌സഭ സ്റ്റാഫുകള്‍ക്ക് ഒരേ യൂനിഫോമായിരിക്കും.
പാര്‍ലമെന്റിലെ 271 സ്റ്റാഫുകള്‍ക്കും പുതിയ യൂനിഫോം നല്‍കിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂനിഫോമില്‍ ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും. ടേബിള്‍ ഓഫിസ്, നോട്ടീസ് ഓഫിസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫിസര്‍മാര്‍ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം.
സെപ്റ്റംബര്‍ 19ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം.