ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കുള്ള അവകാശം മുന്‍നിര്‍ത്തി കേന്ദ്രം സുപ്രിംകോടതിയില്‍ മുത്വലാഖിനെ എതിര്‍ക്കുമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വിഷയം ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടല്ല കേന്ദ്രം കാണുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈമാസമൊടുവില്‍ നിയമമന്ത്രാലയം സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ച് സമഗ്ര മറുപടി സമര്‍പ്പിക്കും. ആഭ്യന്തരം, ധനകാര്യം, വനിതാ ശിശു വികസന മന്ത്രാലയങ്ങളാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്ത്രീകളുടെ അവകാശങ്ങള്‍ അന്യാധീനപ്പെടുത്താന്‍ സാധ്യമല്ല.
പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. കോടതി വിധികളാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. പാകിസ്താനിലും ബംഗ്ലാദേശിലും മുത്വലാഖ് നിലവിലില്ല. ഇന്ത്യയില്‍ മാത്രമാണുള്ളത്-ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.സുപ്രിംകോടതിയിലെടുക്കേണ്ട സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വനിതാ ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. വിഷയം സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഉന്നയിക്കാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ ഏകകണ്ഠമായാണ് തീരുമാനിച്ചത്. മുത്വലാഖിനെതിരേ സമര്‍പ്പിച്ച ഹരജികള്‍ ഈ മാസമാദ്യം പരിഗണിച്ച സുപ്രിംകോടതി ഇതുസംബന്ധിച്ച് കേന്ദ്രത്തിന്റെ പ്രതികരണമറിയിക്കാന്‍ നാലാഴ്ച സമയം നല്‍കിയിരുന്നു. മുത്വലാഖിനെതിരേ സമര്‍പ്പിച്ച നിരവധി ഹരജികള്‍ ഒന്നിച്ചാണ്് കോടതി പരിഗണിക്കുന്നത്.