ന്യൂഡല്‍ഹി: പിഎഫ് പിന്‍വലിക്കല്‍ നിയമം കേന്ദ്രം പിന്‍വലിച്ചു.ബംഗളരുവിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കേന്ദസര്‍ക്കാര്‍ എടുത്തുകളഞ്ഞത്.പിഎഫ് ആനുകൂല്ല്യങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പുതിയ ഭേദഗതികളില്‍ പ്രതിഷേധിച്ച് ബംഗളരു വസ്ത്ര നിര്‍മ്മാണ മേഖലയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.
തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതികള്‍ നടപ്പാക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ബംഗളൂരുവില്‍ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജൂലൈ 31 വരെ മൂന്നു മാസത്തേക്കുകൂടി മരവിപ്പിക്കുകയാണെന്നും ബന്ധപ്പെട്ട എല്ലാവരുമായും വിഷയം ചര്‍ച്ചചെയ്യുമെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 10ന് ഇറക്കിയ പുതിയ മാനദണ്ഡങ്ങളുടെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും പഴയ രീതി തുടരുമെന്നും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളി യൂനിയനുകളുടെ ആവശ്യം മാനിച്ചാണ് തീരുമാനം പിന്‍വലിക്കുന്നതെന്നും നേരത്തേ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതും യൂനിയനുകളുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എഫിലേക്കുള്ള തൊഴിലാളികളുടെ വിഹിതത്തിന് ഏറക്കുറെ തുല്യമായ തുക തൊഴിലുടമ നിക്ഷേപിക്കുകയും ഇതിന് പലിശ ലഭിക്കുകയും ചെയ്യുന്നതാണ് ഇ.പി.എഫ് പദ്ധതി. ഫെബ്രുവരിയിലാണ് തൊഴിലാളികളുടെ പ്രധാന നിക്ഷേപപദ്ധതിയായ ഇ.പി.എഫില്‍നിന്നുള്ള തുക പിന്‍വലിക്കലിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. രാജ്യത്തെ റിട്ടയര്‍മെന്‍റ് പ്രായം 55ല്‍നിന്ന് 58 ആയി ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടി റിട്ടയര്‍മെന്‍റിന് മുമ്പായി തുക പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 54ല്‍നിന്ന് 58 ആയി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
നേരത്തേ 54 വയസ്സായവര്‍ക്ക് തുകയുടെ 90 ശതമാനവും പിന്‍വലിക്കാനാവുമായിരുന്നു. എന്നാല്‍, പുതിയ മാനദണ്ഡത്തില്‍, തൊഴിലുടമയുടെ വിഹിതം നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 58 വയസ്സാക്കി ഉയര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ട് രണ്ടു മാസം കഴിഞ്ഞാല്‍പോലും പി.എഫിലെ തുക പൂര്‍ണമായി പിന്‍വലിക്കാനാകില്ളെന്നും നിബന്ധന കൊണ്ടുവന്നു. വിവാഹം, പ്രസവം തുടങ്ങിയ കാരണങ്ങള്‍ക്കായി ജോലി രാജിവെക്കുന്ന സ്ത്രീകള്‍ക്കുമാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരുന്നത്. എല്‍.ഐ.സിയുടെ വരിഷ്ത പെന്‍ഷന്‍ ഭീമ യോജനയില്‍ നിക്ഷേപിക്കുന്നതിനായി തുക പിന്‍വലിക്കുന്നതിനും 57 വയസ്സ് പ്രായപരിധി ഏര്‍പ്പെടുത്തി.
പുതിയ തീരുമാനപ്രകാരം, പി. എഫിലെ തൊഴിലുടമാ വിഹിതം പിന്‍വലിക്കാന്‍ 58 വയസു വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ബംഗളുരുവിലെ നൂറുകണക്കിന് വസ്ത്രനിര്‍മ്മാണ ഫാക്ടറികളില്‍ പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. പണം പിന്‍ വലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കി നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പുതിയ നിയമം ആഗസ്റ്റ് ഒന്നിന് നിലവില്‍ വരും വിധം ഭേദഗതികള്‍ നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും.
ഭേദഗതികള്‍
ഭവന നിര്‍മ്മാണം, പി.എഫ് ഉടമയുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ എന്നിവയ്ക്കായി പി.എഫിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം.
ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍, ടി.ബി രോഗങ്ങള്‍ക്ക് ചികിത്സയ്;ക്കും മക്കളുടെ വിവാഹം, പ്രൊഫഷണല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കും തുക പിന്‍വലിക്കാം.
ഈ ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തുകയുടെയും പലിശ ഉള്‍പ്പെടെ പിന്‍വലിക്കാമെന്നതാകും ഭേദഗതിയെന്നാണ് സൂചന.