ന്യൂഡല്‍ഹി:ഉടന്‍ നടക്കുന്ന കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും മന്ത്രിമാരുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളടക്കമുള്ള ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും പുനഃസംഘടന. കേന്ദ്രസര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയിലും പാര്‍ട്ടിയിലും പുനഃസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തിരക്കിട്ട കൂടിയാലോചന നടത്തുന്നതിനിടയിലാണ് സ്ഥിരീകരണം. പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥികളുടെയും ഗവര്‍ണര്‍മാരുടെയും കാര്യവും ഇതോടൊപ്പം ചര്‍ച്ച ചെയ്യുന്നുണ്ട്. പുനഃസംഘടന എന്ന് നടക്കുമെന്ന് ചോദിച്ചപ്പോള്‍ അത്തരം വിശദാംശങ്ങള്‍ ചര്ച്ചചെയ്യാനുദ്ദേശിക്കുന്നില്ളെന്ന് അമിത് ഷാ പറഞ്ഞു.
നേരത്തെ കേരളത്തില്‍ ബിഡിജെഎസുമായുള്ള സഖ്യം തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റേത് മികച്ച പ്രകടനമാണെന്ന് പറഞ്ഞ അമിത് ഷാ, ഈ നൂറ്റാണ്ട് ഇനി ഭാരതത്തിന്റെതാണെന്ന് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ചാണ് അമിത് ഷാ പ്രത്യക പത്ര സമ്മേളനം നടത്തിയത്.
അഴിമതിയും കുംഭകോണവും നയപാളിച്ചകളുമായി പത്ത് വര്‍ഷത്തെ യു.പി.എ സര്‍ക്കാറിന്‍െറ ഭരണത്തില്‍നിന്നുള്ള വ്യത്യാസം ജനങ്ങള്‍ അനുഭവിച്ചതിന്‍െറ ഫലമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്.എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യം കാണിക്കുന്നുണ്ട്. ഏറക്കാലത്തിനുശേഷമാണ് രാജ്യം ഇത്തരമൊരു സര്‍ക്കാറിനെ കാണുന്നത്്. രാജ്യത്ത് മുടങ്ങിക്കിടന്ന വികസനം നടപ്പാക്കികൊണ്ടിരിക്കുകയാണ്. വിലക്കയറ്റം വലിയൊരളവോളം പിടിച്ചുനിര്‍ത്തിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. അതേസമയം, ചില സാധനങ്ങളുടെ വില പലപ്പോഴും കൂടുന്നത് സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ടാണ്. ‘നീറ്റ്’ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ ബാർകോഴക്കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന ഭീഷണി നിലനിൽക്കെ കേരള കോൺഗ്രസ് എം ബിജെപി മുന്നണിയിലേയ്ക്കു കൂറാമൂറാൻ നീക്കം നടത്തുന്നതായി സൂചനയുണ്ടായിരുന്നു . ജോസ് കെ.മാണി എംപിയെ കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിച്ചു കേരളത്തിൽ കൂടുതൽ വേരോട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിനെക്കൂടി ഒപ്പം കൂട്ടാൻ ബിജെപി ശ്രമം ആരംഭിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ പാർട്ടിയായ ബിഡിജെഎസിനെ മാത്രം ഒപ്പം കൂട്ടിയത് ന്യൂനപക്ഷ, ഭൂരിപക്ഷ ഹിന്ദു സമൂദായങ്ങളെ ബിജെപിയിൽ നിന്നും അകറ്റിയെന്ന വിലയിരുത്തലാണ് ആർഎസ്എസ് നേതൃത്വം ഇപ്പോൾ നടത്തിയിരിക്കുന്നത്. പരമ്പരാഗതമായി ബിജെപിയോടൊപ്പം നിന്നിരുന്ന നായർവോട്ടുകളും, നമ്പൂതിരി വോട്ടുകളും ഭിന്നിച്ചു പോകുകയും ക്രൈസ്തവ, മുസ്ലീം വോട്ടുകൾ ബിജെപിയിൽ നിന്നു അകലുകയും ചെയ്തു. അതുകൊണ്ടു തന്നെ ക്രൈസ്തവ പാർട്ടികളെ ഒപ്പം കൂട്ടിയെങ്കിൽ മാത്രം തിരഞ്ഞെടുപ്പിൽ ഇനി നേട്ടമുണ്ടാക്കാനാവൂ എന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫുമായി തിരഞ്ഞെടുപ്പിനു ശേഷം ഇടഞ്ഞു നിൽക്കുന്ന കെ.എം മാണിയെയും കേരള കോൺഗ്രസിനെയും ഒപ്പം കൂട്ടാൻ ആർഎസ്എസ് നേതൃത്വം പദ്ധതി തയ്യാറാക്കുന്നത്. കേന്ദ്ര മന്ത്രിസ്ഥാനത്തേയ്ക്കു ജോസ് കെ.മാണിയെ എത്തിച്ചു പാർട്ടി നേതൃത്വം പിടിച്ചെടുക്കുന്നതിനും പരിഗണിക്കുന്നുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയതും, കെ.എം മാണിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതും കോൺഗ്രസ് നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന വികാരം കേരള കോൺഗ്രസിൽ സജീവമായുണ്ട്. ഇതിന്റെ പേരിൽ യുഡിഎഫുമായി തെറ്റിപിരിയുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.