ന്യൂഡല്‍ഹി: പി.ടി.ഉഷയും സ്പോട്സ് വകുപ്പും അവഗണിച്ച പി.യു. ചിത്രയ്ക്ക് പിന്തുണയുമായി കേന്ദ്ര സർക്കാർ . ലണ്ടനില് നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയ വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
നേരത്തെ, ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിലിയിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തി. ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട സമയം കഴിഞ്ഞെന്നും ഇനി ചിത്രയെ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്.
അച്ഛന്‍ ഉണ്ണിക്കൃഷ്ണനും അമ്മ വസന്തകുമാരിയും കൂലിപ്പണി ചെയ്താണ് ചിത്രയെ ഒരു അത്ലറ്റാക്കി മാറ്റിയത്. ഇനിയെങ്കിലും അവരുടെ കഷ്ടപ്പാടിന് ഒരവസാനമുണ്ടാകണമെന്നാണ് ചിത്ര ആഗ്രഹിക്കുന്നത്. വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും മന്ത്രി എ.സി മൊയ്തീന്‍ ചിത്രക്ക് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാല്‍ വിദേശ പരിശീലനം വേണ്ടെന്നും പകരം ജോലി മതിയെന്നുമുള്ള നിലപാട് ചിത്ര സ്വീകരിച്ചതും കുടുംബത്തിന് തണലാകാന്‍ വേണ്ടിയാണ്.മുണ്ടൂരിലെ പരിശീലനം മികച്ചതാണെങ്കിലും ഒരു അത്ലറ്റിന് വേണ്ട ഭക്ഷണം തനിക്ക് ലഭിക്കുന്നില്ലെന്ന് ചിത്ര പറയുന്നു. വീട്ടിലെ ഭക്ഷണം കഴിച്ചാണ് പരിശീലനത്തിന് പോകുന്നത്.
പി.യു ചിത്രക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി കായിക മന്ത്രി എ.സി മൊയതീന്‍ പറഞ്ഞിരുന്നു. പി.ടി. ഉഷയുടെയും അഞ്ജു ബോബി ജോര്‍ജിന്റെയും നിലപാടുകള്‍ സംശയാസ്പദമാണെന്ന് മന്ത്രി പറഞ്ഞു. ചിത്രയെയും കുടുംബത്തെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിട്ടും അവസരം നഷ്ടപ്പെട്ടത് തികഞ്ഞ അനീതിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
‘ വളരെ ബോധപൂര്‍വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നത്.’
അപ്പീല്‍ നല്‍കാനുള്ള സാവകാശം കൊടുക്കാതിരിക്കാന്‍ ബോധപൂര്‍വമായാണ് പട്ടിക അവസാനനിമിഷം പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ആരോപിച്ചു. ചിത്രയ്ക്ക് വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.