ഇന്നു നദീയെങ്കില്‍ നാളെ ആരുമാവാം

”ഉമ്മച്ചിക്കും വീട്ടുകാര്‍ക്കും ഞാന്‍ മാത്രമേയുള്ളൂ. ചെയ്യാത്തൊരു തെറ്റും ചുമന്ന് ഒരിക്കലും യോജിപ്പില്ലാത്ത മാവോവാദി എന്ന ഭാരവും പേറി ജീവിക്കാന്‍ വയ്യ.” ഇത് നദീയെന്ന നദീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. നേരിട്ട് സംസാരിച്ചപ്പോഴും ഇതുതന്നെയാണ് അദ്ദേഹം പറഞ്ഞത്: ”ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പോലിസ് എനിക്കെതിരേ വ്യാജ തെളിവുണ്ടാക്കിയതാണ്. മാവോവാദത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു പറയാന്‍ ഞാനാളല്ല. ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എനിക്കു മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. താല്‍പര്യമുള്ള ജനകീയപ്രശ്നങ്ങളിലും പൊതുപരിപാടികളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കാറുണ്ട്.” കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിലെ വാടകവീട്ടിലാണ് നദീറും കുടുംബവും കഴിയുന്നത്. പത്രപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ നദീറിന് ഖത്തറിലുണ്ടായിരുന്ന ജോലിയും കേസിന്റെ പേരില്‍ നഷ്ടമായിരിക്കുന്നു.

അതിന്റെ പ്രശ്നം നദീറിനെയും കുടുംബത്തെയും വല്ലാതെ അലട്ടുന്നുണ്ട്. തലശ്ശേരി കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ട് അനുസരിച്ച്, നമ്പര്‍ 148/2016 ആറളം പോലിസ് ചാര്‍ജ് ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് നദീര്‍. ആറളത്ത് ആദിവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മാവോവാദി പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്ത ആറംഗസംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നുമാണ് നദീറിനെതിരേയുള്ള കേസ്. എന്നാല്‍, കൃത്യം നടന്നുവെന്ന് പോലിസ് പറയുന്ന സമയത്ത് കോഴിക്കോട്ടെ സ്വന്തം വീട്ടിലുണ്ടായിരുന്ന നദീര്‍ എങ്ങനെ പ്രതിയാക്കപ്പെട്ടു? ആറളത്തേക്ക് ഒരിക്കല്‍പോലും പോയിട്ടില്ലെന്നു നദീര്‍ ഉറപ്പിച്ചുപറയുന്നു. ഇത് ആര്‍ക്കും എപ്പോഴും സംഭവിക്കാം. ഒരു തെറ്റും ചെയ്യേണ്ടതില്ല.

പോലിസിനോ മറ്റേതെങ്കിലും ഭരണകൂടോപകരണങ്ങള്‍ക്കോ ഒരാളില്‍ സംശയം തോന്നിയാല്‍ മതി, അതോടെ ആ വ്യക്തി കുറ്റവാളിയാക്കപ്പെടുന്നു. താന്‍ കുറ്റവാളിയല്ലെന്നു തെളിയിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്തവും ആ വ്യക്തിയുടേതായി മാറുന്നു. മറ്റു ക്രിമിനല്‍ക്കേസുകളില്‍ കുറ്റം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചാര്‍ത്തുന്നതോടെ തീര്‍ത്തും നിരപരാധിയായൊരാള്‍ കൊടും കുറ്റവാളിയാക്കപ്പെടുന്നു.ആദിവാസികളുടെ നില്‍പ്പുസമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള കണ്ണൂരിലെ പരിപാടിയുടെ സംഘാടകനായിരുന്നു നദീര്‍. 2014ല്‍ ഫെബ്രുവരിയില്‍ അതിന്റെ സംഘാടനപ്രവര്‍ത്തനത്തില്‍ നദീറിന്റെ കൂടെനിന്ന രണ്ടു സുഹൃത്തുക്കളെ മുഷിഞ്ഞ വസ്ത്രധാരണത്തിന്റെയും താടിയും മുടിയും നീട്ടിയതിന്റെയും പേരില്‍ കണ്ടാല്‍ മാവോവാദികളെ പോലെയുണ്ടെന്നു പറഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ നീണ്ട പോലിസിന്റെ ചോദ്യംചെയ്യലിനും മാനസിക പീഡനങ്ങള്‍ക്കും അവര്‍ ഇരയായി. അവരോട് നദീറിനെക്കുറിച്ച് അന്ന് പോലിസ് അന്വേഷിച്ചിരുന്നുവത്രേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് 2015 ജൂലൈയില്‍ തിരുവനന്തപുരം ജില്ലയിലുള്ള വാഴ്വാന്‍തോള്‍ വെള്ളച്ചാട്ടം കാണാനായി നദീറും സുഹൃത്തുക്കളും പോയിരുന്നു. ഇതാണ് പൊന്‍മുടിയില്‍ മാവോവാദി സാന്നിധ്യം എന്ന തലക്കെട്ടുമായി കേരളത്തിലെ രണ്ടു പത്രങ്ങള്‍ വ്യാജവാര്‍ത്തയിറക്കിയത്. അടുത്ത ദിവസം ഈ വാര്‍ത്ത പോലിസ് ശരിവച്ചെന്ന നിലയില്‍ മറ്റു പത്രങ്ങളും ആ വാര്‍ത്ത കൊടുത്തു. എറണാകുളത്തും പിന്നീട് തൃശൂരിലും നടന്ന മാനവസംഗമത്തിന്റെ സംഘാടകനായിട്ടുണ്ട്. ചുംബനസമരം നടന്നപ്പോള്‍ അതിലും സജീവമായി ഇടപെട്ടിരുന്നു. പിന്നീടും ധാരാളം പൊതുപ്രശ്നങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബര്‍ 18ന് ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച്, രാജ്യദ്രോഹക്കുറ്റം ചുമത്തി എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കമല്‍സി ചവറയെ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇടപെട്ടതും.

പോലിസ്സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കമല്‍സിയെ കൊണ്ടുവന്നപ്പോള്‍ കൂട്ടിരിക്കുമ്പോഴാണ് നദീറിനെയും പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് 27 മണിക്കൂറോളം പോലിസിന്റെ ചോദ്യംചെയ്യലും മാനസിക പീഡനങ്ങളും അനുഭവിക്കേണ്ടിവന്നു. ജനുവരി 4ന് ഇരിട്ടി സ്റ്റേഷനില്‍ ഹാജരാവണം എന്ന വ്യവസ്ഥയിലാണ് നദീറിനെ അന്നു വിട്ടയച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുക്കുന്നത്. പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ആറളം കേസില്‍ മൂന്നാംപ്രതിയാണ് താനെന്നു നദീര്‍ കൃത്യമായി അറിയുന്നത്.

ഡിജിപി ബെഹ്റയും പോലിസുദ്യോഗസ്ഥരും മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് നദീറിനെതിരേ കേസൊന്നുമില്ല, സംശയത്തിന്റെ പേരില്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു എന്നാണ്. പിന്നീട് പറയുന്നത് ആറളം കേസില്‍ നാലാംപ്രതിയാണ് നദീറെന്നും ആറളത്തെ ഒരു ആദിവാസി സ്ത്രീ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞു എന്നുമാണ്. ഇപ്പോള്‍ തലശ്ശേരി കോടതിയിലെ റിപോര്‍ട്ടിലുള്ളത് നദീര്‍ മൂന്നാം പ്രതിയാണെന്നാണ്.നിരപരാധിയായ തനിക്ക് അതു തെളിയിക്കാനാവുമെന്നു നദീര്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. യുഎപിഎ പോലുള്ള ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ഏതറ്റംവരെ പോവാനും തയ്യാറാണെന്നും നദീര്‍ പറയുന്നു.

Top