യുവതി ഭീഷണിപ്പെടുത്തിയെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടന്റെ പിതാവിന്റേതടക്കമുള്ള മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരുടെ മൊഴിയെടുക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഏതാനും ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ പരാതിയോടൊപ്പം താരം സമര്‍പ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങളോ മറ്റ് വിധത്തില്‍പ്പെട്ട ഇതരതെളിവുകളോ ഈ കേസില്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേര്‍ന്ന് 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് ഉണ്ണിമുകുന്ദന്‍ പരാതിയില്‍ പറയുന്നത്. നടനെതിരെ യുവതി കോടതിയില്‍ വളരെ നേരത്തെ ഹര്‍ജി കൊടുത്തിരുന്നു. ഈ കേസില്‍ നടന്‍ ജാമ്യത്തിലുമാണ്. ഈ സാഹചര്യത്തിലാണ് നടന്റെ പരാതിയില്‍ എടുത്തു ചാട്ടങ്ങള്‍ക്ക് പൊലീസ് മുതിരാത്തത്. കൃത്യമായ അന്വേഷണം നടത്തിയ ശേഷമേ യുവതിയെ സംശയനിഴലില്‍ പൊലീസ് നിര്‍ത്തൂ. കൂടുതല്‍ തെളിവുകള്‍ ഉണ്ണിമുകുന്ദന്‍ നല്‍കാത്തതും ഇതിന് കാരണമാണ്.
പരാതിയില്‍ ചേരാനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് നേരത്തെ താരത്തോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കിയ അവസരത്തില്‍ നല്‍കിയ വിവരങ്ങള്‍ക്കപ്പുറം കൂടുതല്‍ തെളിവുകളൊന്നും ഇതുവരെ ഉണ്ണിമുകുന്ദന്‍ ഹാജരാക്കിയിട്ടില്ലെന്നാണ് ചേരാനല്ലൂര്‍ പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. താരത്തിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ള വസ്തുതകളില്‍ കൃത്യമായ വിവരശേഖരണം നടത്തിയ ശേഷം മാത്രം എതിര്‍കക്ഷിയായ യുവതിയെയും മറ്റ് മൂന്നുപേരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാക്കിയാല്‍ മതിയെന്നാണ്് ഇപ്പോഴത്തെ പൊലീസ് നിലപാട്.
പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പാലക്കാട് സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടന്‍ വെളിപ്പെടുത്തിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം ഇത് സംബന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്. പിതാവിന്റെ സ്വദേശം ഈ സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ഉണ്ണിമുകുന്ദന്‍ ഇവിടെ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള സംഭവം ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.
യുവതിയുള്‍പ്പെടെ നാല് പേരെക്കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ടെന്നും ഉണ്ണിമുകുന്ദന്‍ നേരിലെത്തി കാര്യങ്ങള്‍ വിശദമാക്കിയാണ് പരാതി സമര്‍പ്പിച്ചതെന്നും ഒറ്റപ്പാലം എസ് ഐ ആദംഖാന്‍ പറഞ്ഞിരുന്നു. തിരക്കഥ കേള്‍ക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നല്‍കിയല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേര്‍ന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം.
ഉണ്ണിമുകുന്ദന്റെ പരാതിയിലെ പ്രധാന പരാമര്‍ശങ്ങള്‍:
ഇടപ്പള്ളിയില്‍ താമസിക്കുമ്പോഴാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 35 വയസോളം തോന്നിക്കുന്ന സ്ത്രീ എന്നേ കാണാന്‍ വന്നത്.കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.വീട് മാറുന്ന തിരക്കിലായതിനാല്‍ ഇപ്പോള്‍ കഥ കേള്‍ക്കാന്‍ സമയമില്ലന്നും തിരക്കഥയുണ്ടെങ്കില്‍ തന്നിട്ടു പോകാനും പറഞ്ഞു. തിരക്കഥ ആക്കിയിട്ടില്ലന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാന്‍ തയ്യാറായി.സ്ഥലപരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാഹനം തരപ്പെടുത്തി, പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
പിന്നീട് ഇവര്‍ ഫോണില്‍ വിളിച്ച് ഭീഷണി തുടങ്ങി.സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം.ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോള്‍ പണം ആവശ്യപ്പെട്ട് വിളിയായി. ഇതിനും വഴങ്ങില്ലെന്ന് ബോദ്ധ്യമായതോടെ മാനഭംഗ കേസില്‍പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുന്നത്.
25 ലക്ഷം രുപ നല്‍കിയാല്‍ പ്രശ്‌നം ഒത്തുതീര്‍ക്കാമെന്നായിരുന്നു ഇയാള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം.പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളികള്‍ക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും താരം പരാതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്.