നവോത്ഥാനം വെറും വാചകമടി മാത്രം; സിപിഎം ഭരിക്കുന്ന ക്ഷേത്രത്തില്‍ ആചാരത്തിന്റെ പേരില്‍ ദലിതര്‍ക്ക് അയിത്തം

നവോത്ഥാനത്തിന്റെ പേരില്‍ സംസ്ഥാനത്ത് കലാപം തന്നെ സൃഷ്ടിക്കുമ്പോഴും കേരളം മുഴുവന്‍ നാവോത്ഥാനത്തിന്റെ വക്താക്കളായെത്തുന്ന സിപിഎം ഭരിക്കുന്ന ക്ഷേത്രത്തില്‍ ദലിത് വിരുദ്ധത തുടരുന്നു. ഇത് ക്ഷേത്രാചാരമാണെന്നാണ് പാര്‍ട്ടി സഖാക്കളുടെ നിലപാട്.

കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാര്‍ ആലിങ്കല്‍ ക്ഷേത്ര ഉല്‍സവത്തിലാണ് ദളിതര്‍ക്ക് ഇക്കുറിയും അയിത്തം തുടര്‍ന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ തീയ്യസമുദായത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് മാത്രമാണ് തിരുവായുധമെഴുന്നള്ളത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷവും ഇതിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ ദളിത് വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് സമുദായാംഗങ്ങളുടെ വീടുകളിലെയും സന്ദര്‍ശനം ഒഴിവാക്കി തീയ്യ വിഭാഗത്തിന്റെ വീടുകളില്‍ മാത്രമാക്കി എഴുന്നള്ളത്ത്. തീയ്യ സമുദായത്തിന്റേതാണ് ക്ഷേത്രമെന്നതിനാലാണ് ഇവരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനമെന്നാണ് ഭാരവാഹികളുടെ അവകാശവാദം. എല്ലാവരുടെയും വീടുകളില്‍ എഴുന്നള്ളത്ത് നടത്തണമെന്ന കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഇത്തവണത്തെ എഴുന്നളളത്തെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു.

ദളിത് വീടുകളിലേക്ക് എഴുന്നള്ളത്ത് നടത്താത്തതിന് 1915ലെ നിശ്ചയരേഖയാണ് ക്ഷേത്ര ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. വാളെഴുന്നള്ളത്ത് നിശ്ചയരേഖ പ്രകാരമാണെന്നും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണ് ഭരണസമിതിയുടെ വാദം.

കേരള സ്റ്റേറ്റ് പട്ടിക ജനസമാജം എന്ന സംഘടന ക്ഷേത്രവിശ്വാസികളായ ദളിത് സമുദായങ്ങളുടെ വീട്ടിലും വാളെഴുന്നള്ളിപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതിക്ക് കത്ത് നല്‍കിയിരുന്നു. സമിതി ആവശ്യം അംഗീകരിച്ചില്ല. സമിതിക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു.

Top