ലക്നൗ∙ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി (ഐഎസ്ഐ) ബന്ധമുള്ള രണ്ട് യുവാക്കളെ യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. അഫ്താബ് അലി (25), അൽതാഫ് ഭായ് ഖുറേഷി എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലക്കാരനാണ് അഫ്താബ് അലി. ഗുജറാത്തുകാരനായ അൽതാഫിനെ മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഹവാല ഇടപാടുകാരനായ അൽതാഫ് പിടിയിലായത്.
സൈന്യത്തിന്റെ നീക്കങ്ങൾ ഉൾപ്പെടെയുള്ള അതീവ സുരക്ഷാ വിവരങ്ങളാണ് ബേക്കറി ജോലിക്കാരനായ അലി ഐഎസ്ഐക്ക് കൈമാറിയിരുന്നത്. കുറച്ചു നാളായി ഇയാളുടെ ഫോൺ സംഭാഷണങ്ങൾ എടിഎസ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഐഎസ്ഐയുമായും ഡൽഹിയിലുള്ള പാക്കിസ്ഥാൻ ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥനുമായും അലി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി എടിഎസ് ഇൻസ്പെക്ടർ ജനറൽ അസിം കുമാർ അരുൺ പറഞ്ഞു. അലിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. എട്ടുമാസം മുമ്പ് അലി പാക്കിസ്ഥാനിൽ പോയിരുന്നു. കറാച്ചിയിൽ ഐഎസ്ഐ പരിശീലനം കിട്ടിയതായും സംശയിക്കുന്നുണ്ട്. ഇതിനുശേഷമാണ് സേനാ നീക്കങ്ങളെ കുറിച്ച് പാക്കിസ്ഥാനെ അറിയിച്ചു കൊണ്ടിരുന്നത്.
സർജിക്കൽ സ്ട്രൈക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ലക്നൗവിൽ പോയി ശേഖരിച്ച് അലി കൈമാറിയിരുന്നതായി സംശയിക്കുന്നുണ്ട്. ചാരപ്രവർത്തനത്തിന് ഒരു ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റി. അടുത്തിടെ അലി ഡൽഹിയിലെത്തി പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അലിക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയിരുന്നത് ഹവാല ഇടപാടുകാരനായ ഖുറേഷിയാണെന്നാണ് എടിഎസ് കരുതുന്നത്. അറസ്റ്റിനെ തുടർന്ന് ഖുറേഷിയുടെ താമസസ്ഥലത്തും മറ്റും നടത്തിയ പരിശോധനയിൽ എഴുപതു ലക്ഷത്തോളം രൂപ കണ്ടെടുത്തു.