![](https://dailyindianherald.com/wp-content/uploads/2017/03/yogi-adithya-modi.jpg)
ന്യൂഡല്‍ഹി:യു.പിയില്‍ വകുപ്പു നിര്‍ണയത്തിന് മോദിയുടെ കൈകടത്തല്‍ . മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരുമായി വകുപ്പുകള്‍ക്ക് വടംവലിയും തുടങ്ങി. പ്രധാനമായും ആഭ്യന്തര, ധനവകുപ്പുകള്‍ വിട്ടുകിട്ടാനാണ് തര്‍ക്കം. അധികാരമേറ്റ് രണ്ടു ദിവസത്തിനകം ഡല്‍ഹിക്ക് പറന്ന ആദിത്യനാഥ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തെന്നാണ് സൂചന. ഇതിെന്റ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ അടുത്തദിവസം വീതംവെക്കും.
ആദിത്യനാഥിനെതിരെ കൊലക്കുറ്റം അടക്കം നിരവധി ക്രിമിനല്‍ കേസുണ്ട്. രാഷ്ട്രീയ പ്രതിയോഗികളുടെ വിഷയം നേരിട്ടു കൈകാര്യം ചെയ്യേണ്ടതുമുണ്ട്. ഇത്തരം വിഷയങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ആഭ്യന്തരം നേരിട്ട് കൈകാര്യം ചെയ്യാനാണ് യോഗിയുടെ ഉദ്ദേശ്യം. എന്നാല്‍, യോഗിയുടെ വരവോടെ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കേശവ് പ്രസാദ് മൗര്യയാണ് ആഭ്യന്തരത്തില്‍ അവകാശവാദം ഉന്നയിച്ചത്. ധനവകുപ്പ് അദ്ദേഹത്തെ ഏല്പിക്കാന് യോഗി താല്പര്യപ്പെടുന്നതിനിടയില്, ധനവകുപ്പില്‍ രണ്ടാം ഉപമുഖ്യനായ ദിനേശ് ശര്‍മയും അവകാശം ചോദിച്ചു. ഇതോടെയാണ് വകുപ്പുനിര്ണയ ചര്‍ച്ച ഡല്‍ഹിയിലേക്ക് നീണ്ടത്.
ആദിത്യനാഥ് മോദിയും അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനപ്രകാരമാണ് വകുപ്പുനിര്ണയം നടക്കുക. ആഭ്യന്തരം യോഗിതന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന.പാര്‍ട്ടി നേതാവ് എല്‍.കെ. അദ്വാനി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരെയും യു.പി മുഖ്യമന്ത്രി കണ്ടു. മന്ത്രിമാരുടെ വകുപ്പു നിര്‍ണയത്തിനൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ അഴിച്ചുപണിയും വൈകാെത നടക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ആദിത്യനാഥ് സൗഹൃദ കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭയില്‍ എത്തിയ ആദിത്യനാഥ് ധനബില്ലിെന്റ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു. ഗൊരഖ്പൂര്‍ എം.പിയായ ആദിത്യനാഥിെന്റ പാര്‍ലമെന്റില്‍നിന്നുള്ള വിടവാങ്ങല്‍ പ്രസംഗം കൂടിയായി അത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.പിമാര്‍ ലോക്സഭയില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുന്നത് അപൂര്‍വതയാണ്. മോദിയെ പുകഴ്ത്താനും യു.പിയില്‍ മെച്ചെപ്പട്ട ഭരണം വാഗ്ദാനം ചെയ്യാനുമാണ് ആദിത്യനാഥ് അവസരം വിനിയോഗിച്ചത്. മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ഉടന്‍തന്നെ അദ്ദേഹം എം.പി സ്ഥാനം രാജിവെക്കും.
1999ല്‍ മഹാരാജ്ഗഞ്ചിലെ പണിയറ നിയമസഭ സീറ്റില്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച തലത് അസീസിെന്റ സുരക്ഷക്ക് നിയോഗിച്ചിരുന്ന പൊലീസുകാരന് സത്യപ്രകാശ് യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് യോഗി. ഒരു ഖബറിടം കൈയേറാനുള്ള യോഗിയുടെയും സംഘത്തിെന്റയും ശ്രമം ചെറുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇതടക്കമുള്ള ക്രിമിനല്‍ കേസുകള്‍ യോഗിക്ക് മുഖ്യമന്ത്രിക്കസേരയില്‍ വെല്ലുവിളിയാണ്. കലാപമുണ്ടാക്കിയെന്നതിനാണ് മൂന്നു കേസുകള്‍. വധശ്രമം, ജീവന് ഭീഷണി ഉയര്‍ത്തല്‍, ഖബറിട കൈയേറ്റം, ക്രിമിനല്‍ പീഡനം തുടങ്ങിയവയാണ് മറ്റു കേസുകള്‍. 2007ല്‍ കലാപകേസില്‍ 10 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്.