ഉത്തര്‍ പ്രദേശില്‍ വട്ട പൂജ്യമായി ഇടതുപാര്‍ട്ടികള്‍; ഹിന്ദി മേഖലകളില്‍ ചെങ്കൊടി താഴുന്നു

വാരാണസി: ഒരോ കൊല്ലം കഴിയുന്തോറും ഹിന്ദി മേഖലയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ശോഷിച്ചുവരികയാണെന്ന് ഈ തിരഞ്ഞെടുപ്പുകളും തെളിയിക്കുന്നു. ഉത്തര്‍ പ്രദേശില്‍ 140 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും ഇടതിനു വിജയിക്കാനായില്ല. ഒരുകാലത്ത് വലിയ ജനപിന്തുണയുണ്ടായിരുന്ന സംസ്ഥാനത്താണ് മുന്നണിയുടെ ഈ തകര്‍ന്നടിയല്‍. ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ 2010 ല്‍ സിപിഎമ്മിന് 6180 അംഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അത് 5508 ആയി കുറഞ്ഞു..

ഒരുകാലത്ത് വലിയ സ്വാധീനമാണ് ഉത്തര്‍പ്രദേശില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചതോടെയാണ് തിരിച്ചടി നേരിട്ടു തുടങ്ങിയത്. 1974 ല്‍ 18 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം (സിപിഎം 2, സിപിഐ 16 )1996 ല്‍ നാല് സീറ്റിലേക്കു ചുരുങ്ങി. അതിനുശേഷം ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ ഇടതിനു കഴിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു പതിറ്റാണ്ടിനിടെ ഒരംഗത്തെപ്പോലും യുപി നിയമസഭയില്‍ എത്തിക്കാന്‍ ആകാതിരുന്നതിനാല്‍ ഇത്തവണ ജാഗ്രതയോടെയായിരുന്നു ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തനം. ബിജെപിയുടെ ആധിപത്യത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി 140 സീറ്റില്‍ മത്സരിച്ചത്.

സിപിഐ 80 സീറ്റിലും സിപിഎം 26 സീറ്റിലും സിപിഐ (എംഎല്‍) 33 സീറ്റിലും മത്സരിച്ചു. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, എസ്‌യുസിഐ എന്നിവര്‍ക്കും സീറ്റു നല്‍കി.

സമാജ് വാദികോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കാനാണ് ഇടതുപക്ഷം ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, സഖ്യസാധ്യതകള്‍ അവര്‍ തള്ളി. സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനു 103 സീറ്റ് മാറ്റിവച്ചതും ഇടതിന്റെ സാധ്യതകളെ ഇല്ലാതാക്കി. ഇടതുബന്ധം കൊണ്ടു ഗുണമില്ലെന്ന വിലയിരുത്തലാണ് എസ്പി നടത്തിയത്. ബിഎസ്പിയും സീറ്റ് നല്‍കാന്‍ തയാറായില്ല. തുടര്‍ന്നാണ് ഇടതു പാര്‍ട്ടികള്‍ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്.

Top