ലക്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ ഉള്‍പ്പെടെ ബിജെപിയ്‌ക്ക് കനത്ത തിരിച്ചടി. മോഡി ദത്തെടുത്ത ഗ്രാമമായ നയാപുരിയിലും ബിജെപി തോറ്റു.മായാവതിയുടെ ബിഎസ്പി മികച്ച പ്രകടനം കാഴ്ചവച്ചു. ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെന്നു പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനകൾ വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലത്തിൽ പോലും പരിതാപകരമായ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മോദി ദത്തെടുത്ത ഗ്രാമമായ നയാപുരിലും ബിജെപിക്കു തോൽവിയാണുണ്ടായത്. വാരണാസിയിൽ 48ൽ 40 സീറ്റിലും ബിജെപി തോറ്റു. രാത്രിയോടെയെ പൂർണചിത്രം പുറത്തുവരൂ.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് പഞ്ചായത്തു തിരഞ്ഞെടുപ്പിനെ രാഷ്ട്രീയപ്പാർട്ടികൾ കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ വേരോട്ടം കാഴ്ചവച്ച ബിജെപി ഇത്തവണ ഉത്തർപ്രദേശ് പിടിച്ചെടുക്കാനിരിക്കെയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്നൗവിൽ 28ൽ നാലു സീറ്റിലേ വിജയിക്കാനായുള്ളൂ.
കേന്ദ്രമന്ത്രി കൽരാജ് മിശ്രയുടെ മണ്ഡലമായ ഡിയോറിയയിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ 56ൽ ഏഴു സീറ്റേ നേടാനായുള്ളൂ. അതേസമയം, പരാജയം വിലയിരുത്താൻ ബിജെപി സംസ്ഥാന നേതൃയോഗം സംസ്ഥാന അധ്യക്ഷൻ ഓം മാഥൂർ നാളെ ലക്നൗവിൽ വിളിച്ചുചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാൻ സമാജ്‌വാദി പാർട്ടി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്സഭാ മണ്ഡലങ്ങളുമായി രാജ്യത്ത് രാഷ്ട്രീയമായി ഏറ്റവും പ്രബല സംസ്ഥാനമാണ് ഉത്തർപ്രദേശ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 71 സീറ്റ് ബിജെപി ഇവിടെ നിന്നു നേടിയിരുന്നു.