എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും; മോശം മെസേജുകള്‍ അയക്കും; കരഞ്ഞു കൊണ്ടാണ് താന്‍ മിക്ക ദിവസവും അഭിനയിച്ചതെന്ന് നിഷ; ഉപ്പും മുളകും സംവിധായകനെ മാറ്റണമെന്നാവശ്യപ്പെട്ട് ചാനല്‍ എഫ്ബി പേജില്‍ പ്രതിഷേധം

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലാണ് ഉപ്പും മുകളകും. കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച സീരിയല്‍. നര്‍മത്തില്‍ പൊതിഞ്ഞ് വേറിട്ട രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഉപ്പും മുളകിനെ ശ്രദ്ധേയമാക്കിയത് അഭിനേതാക്കളാണ്. എന്നാല്‍ ഇന്ന് ഉപ്പും മുളകും വിവാദത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. സീരിയലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നായിക നടി നിഷാ സാരംഗ് രംഗത്ത് എത്തിയതോടെ പുതിയ ചര്‍ച്ചകളും തുടങ്ങുകയാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജിലും നിഷാ സാരംഗിന് അനുകൂലമായി കമന്റുകളെത്തുന്നു. സംവിധായകനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയില്‍ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി. അതുകൊണ്ട് ഉപ്പും മുളകില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാല്‍ ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാന്‍ അമേരിക്കയില്‍ നടന്ന അവാര്‍ഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗതര്‍ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു. മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടീ പോടി എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

ലൊക്കേഷനില്‍ വെച്ച് പലതവണ സംവിധായകന്‍ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നല്‍കിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. അച്ഛനില്ലാതെയാണ് ഞാന്‍ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാന്‍ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.

കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവില്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ കാരണം ആ പരിപാടിക്കൊന്നും സംഭവിക്കരുതെന്ന് കരുതി അഭിനയിച്ചു. എല്ലാം സഹിച്ച് ഞാന്‍ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാന്‍ ജോലി എടുത്താലേ കാര്യങ്ങള്‍ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാന്‍ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകന്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം, അങ്ങനെയാണെങ്കില്‍ മാത്രം താന്‍ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.

അതിനിടെ നിഷയ്ക്ക് പിന്തുണയുമായി അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയും എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്ത് വന്നു.

എസ് .ശാരദക്കുട്ടി

എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലിൽ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കിൽ പിന്നെ അതിന്റെ ശീർഷകം തന്നെ മാറ്റേണ്ടി വരും.

നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവർ പറഞ്ഞത്. തൊഴിൽ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.

കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു”

മാലാ പാര്‍വതി

“ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത നടിമാർ, ഒരു ഭാരമായി സംവിധായകർക്ക് മാറാറുണ്ട്.ഒരു ” പ്രയോജനവും ” ഇല്ലാത്ത വേയ്സ്റ്റ്”. പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കൽ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- ” ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വർക്ക് തരില്ലേന്ന്. ചാനൽ മേധാവി അങ്ങനെ പറഞ്ഞ് പോലും.’നമ്മൾ തമ്മിൽ’ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാൽ ആരും വിളിക്കില്ല പോലും ‘ . പാവം നിഷ ! കൈരളിയിൽ നിന്ന് ശമ്പളം കിട്ടാതെ ഞാൻ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയിൽ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലിൽ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനൽ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാൽ.. ശമ്പളമല്ല കിട്ടാൻ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാൻ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാൻ കേട്ടത്.അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്. 

ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം”

തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകൾ പലപ്പോഴും പുറം ലോകം അറിയുന്നില്ല…അവർക്ക് പറയാൻ ഇടങ്ങൾ ഇല്ലാതാകുന്നു..
പക്ഷെ, നിഷാ സാരംഗ് എന്ന കലാകാരി  പരാതിപ്പെടാൻ ഇടം ഇല്ലാതായപ്പോൾ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്. അവർ കണ്ണീരോടെ പറഞ്ഞതൊക്കെയും വിവിധ തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നതു തന്നെയാണ്…

നിഷാ സാരംഗിനു നീതി ലഭിക്കണം.. 

ഫ്‌ളവേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം

ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും നടി നിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്‌ളവേഴ്‌സ് ടി.വിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധം. നീലു ചേച്ചിയാണ് ഉപ്പും മുളകിന്റെ പ്രാധാന വേരെന്നും സംവിധായകനെ മാറ്റണമെന്നും ആളുകള്‍ പറഞ്ഞു.

Top