ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവതിയുടെ ഗൈഡായിരുന്ന യുവാവും ഒപ്പമുള്ളവരുമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. സംഭവത്തില്‍ പരാതിയുമായി എന്‍ജിഒയുടെ സഹായത്തോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; 2016 മാര്‍ച്ചില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ യുവതി ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് മുറിയെടുത്തത്. ഹോട്ടല്‍ അധികൃതരാണ് യുവതിക്ക് ടൂറിസ്റ്റ് ഗൈഡിനെ ഏര്‍പ്പാടാക്കി നല്‍കിയത്. ആദ്യ ദിനം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ യുവതി ഗൈഡിനൊപ്പം സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളായി മാറുകയും ചെയ്തു.
ഒരിക്കല്‍ യുവതിയുടെ മുറിയില്‍ എത്തിയ ഗൈഡിനൊപ്പം ഇയാളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇവര്‍ ഒരു ശീതളപാനീയം യുവതിക്ക് നല്‍കുകയും തുടര്‍ന്ന് യുവതി ബോധരഹിതയായെന്നും പരാതിയില്‍ പറയുന്നു. ബോധം തിരിച്ചുവന്നപ്പോഴാണ് താന്‍ പല പുരുഷന്മാരാല്‍ പീഡനത്തിനിരയായ വിവരം അറിയുന്നതെന്നും യുവതി ഇമെയല്‍ വഴി നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇതിന് പുറമെ പുറത്ത് പറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീഷണി ഭയന്ന് യുവതി അന്ന് പൊലീസിനെ സമീപിച്ചില്ല. നാട്ടില്‍ തിരിച്ചെത്തിയ യുവതി നടന്ന സംഭവം തന്റെ മാതാപിതാക്കളോട് പറയുകയും അവരുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുകയുമായിരുന്നു. യുഎസില്‍ മടങ്ങിയെത്തിയ താന്‍ ഒരു നിയമജ്ഞന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ഗൈഡിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.