അമേരിക്കയിലെ ഇസ്ലാം മത വിശ്വാസികളെ ആശങ്കയിലാഴ്ത്തി പുതിയ പ്രസിഡന്റിന്റെ നീക്കങ്ങള്‍ തുടങ്ങി. ആ നയത്തില്‍ നിന്നും തരിമ്പും പുറകോട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പ്രവൃത്തിയിലൂടെ തെളിയിക്കാനൊരുങ്ങുന്നത്. മുസ്ലീങ്ങളെ നിയന്ത്രിക്കാന്‍ ട്രംപ് ടീ പദ്ധതികള്‍ തയ്യാറാക്കി തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ടീം അമേരിക്കയിലെ മുസ്ലീങ്ങളുടെ രജിസ്ട്രി ഉണ്ടാക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതോടെ ലോകം തികഞ്ഞ ആശങ്കയിലായിരിക്കുകയാണ്. മുസ്ലിം രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരുടെ പട്ടികയാണ് കോണ്‍ഗ്രസിന്റെ അംഗീകാരം തേടാതെ ട്രംപിന്റെ ടീം തയ്യാറാക്കാനാരംഭിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ട്രാന്‍സിഷന്‍ ടീമിലെ ഒരു അംഗം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട ഇമിഗ്രേഷന്‍ ടീം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഡ്രാഫ്റ്റ് ചെയ്ത് വരുകയാണെന്നാണ് കന്‍സാസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ട്രംപിന്റെ ഉപദേശകരിലൊരാളുമായ ക്രിസ് കോബാച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ വന്‍ മതില് പണിയുന്നതിനുള്ള ഉത്തരവും തയ്യാറായി വരുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. മുസ്ലീങ്ങള്‍ അമേരിക്കയിലേക്ക് കടക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്നായിരുന്നു തുടക്കത്തില്‍ ട്രംപ് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് നിലപാടില്‍ അയവ് വരുത്തുകയും തീവ്രവാദഗ്രൂപ്പുകള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ തടയണമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്.
ഇതിന്റെ ഭാഗമായി നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി എക്‌സിറ്റ് രജിസ്‌ട്രേഷന്‍ സിസ്റ്റം (NSEERS)പുനഃസ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ട്രംപ് ടീം മുന്നോട്ട് വച്ച് കഴിഞ്ഞുവെന്ന് കോബാച്ച് റോയിട്ടറിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ക്ക് ശേഷം ആരംഭിച്ച ഒരു കനത്ത സുരക്ഷാ നയമായിരുന്നു ഇത്. ഈ പ്രോഗ്രാം അനുസരിച്ച് കടുത്ത തീവ്രവാദഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് വരുന്നവരെ കുറിച്ച് സൂക്ഷ്മമായി അന്വേഷിക്കുകയും ഫിംഗര്‍പ്രിന്റടക്കമുള്ളവ ശേഖരിച്ചതിന് ശേഷം മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതിന് പുറമെ 16 വയസിന് മുകളിലുള്ള ചില യുഎസ് പുരുഷന്മാരെ സര്‍ക്കാര്‍ ഓഫീസുകളില്‍ വച്ച് കാലാകാലങ്ങളില്‍ പരിശോധിക്കുകയും ചെയ്യുന്നതാണ്.
എന്‍എസ്ഇഇആര്‍എസ് 2011ല്‍ നിരോധിക്കുകയായിരുന്നു.അത് അനാവശ്യമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡിന് തോന്നിയതിനെ തുടര്‍ന്നും സിവില്‍ റൈറ്റ്‌സ്ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പുമായിരുന്നു ഇതിന് കാരണം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെ മനഃപൂര്‍വം ദ്രോഹിക്കാന്‍ ഇതിനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണവും ശക്തമായതിനെ തുടര്‍ന്നാണീ പരിശോധന പിന്‍വലിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മില്യണ്‍ കണക്കിന് കുടിയേറ്റക്കാരെ ഉടന്‍ നാട് കടത്തുമെന്ന കാര്യം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ പണിയുന്ന മതിലിന്റെ ചെലവ് വഹിക്കണമെന്ന ട്രംപിന്റെ ആവശ്യം മെക്‌സിക്കോ തുടര്‍ച്ചയായി തള്ളിക്കളയുന്നുണ്ട്. യുഎസില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് 24 മണിക്കുറും കോണ്‍സുലാര്‍ സര്‍വീസ് മെക്‌സിക്കോ വാഗ്ദാനം ചെയ്തിട്ടുണ്ട്.