ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കാനുള്ള ബിജെപി യുടെ ശ്രമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ബിജെപി ജനാധിപത്യത്തിന്റെ കുഴിതോണ്ടുന്നു’. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായ മണിപ്പൂരിലും ഗോവയിലും ബിജെപി ഭരണത്തിലേറുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. രണ്ടെണ്ണത്തിലാണ് ബിജെപി വിജയിച്ചത്. ശേഷിച്ച മൂന്നും വിജയിച്ചത് ഞങ്ങളാണ്. എന്നാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കുഴിതോണ്ടുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഗോവയില്‍ ഭരണം നേടുക അസാധ്യമാണ്. ഗവര്‍ണര്‍ മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആദര്‍ശത്തോടെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയത്തെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു. ‘ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. എല്ലാവര്‍ക്കും ഉയര്‍ച്ചകളും താഴ്ചകളും ഉണ്ട്. നമ്മളത് അംഗീകരിച്ചേ മതിയാകൂ. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ അല്‍പം താഴെയാണ്. എന്നാല്‍ ആശയപരമായി ബിജെപിക്കെതിരായ പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 105 സീറ്റിലേക്കാണ് മത്സരിച്ചത്. ഇതില്‍ 7 മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. 325 ഇടത്താണ് ബിജെപി വിജയിച്ചത്. ഉത്തരാഖണ്ഡില്‍ 70 ല്‍ പതിനൊന്ന് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 57 സീറ്റുകള്‍ നേടി ബിജെപി യാണ് ഇവിടെ ഭരണകക്ഷി.