ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിനാണ് യുപിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഇന്നു മുതല്‍ പോളിങ് ബൂത്തിലേക്ക്. 73 സീറ്റുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് മന്ദഗതിയിലാണ്. മഥുരയിലെ ഗോവര്‍ധനില്‍ ഒരു ബൂത്തിലും ബഗപഥിലെ രണ്ട് ബുത്തുകളിലും വോട്ടിംഗ് തടസപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറാണ് തടസത്തിന് കാരണം.
വര്‍ഗീയസംഘര്‍ഷങ്ങളുടെപേരില്‍ അറിയപ്പെടുന്ന മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍മേഖലയിലെ 15 ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. ഭാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ്‌നഗര്‍, ഹപുര്‍, ബുലന്ദ് ശഹര്‍, അലിഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഇട്ടാവ, ഫിറോസാബാദ്, കസ്ഗഞ്ച് എന്നിവയാണ് മറ്റു ജില്ലകള്‍.
ഏഴുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് മാര്‍ച്ച് എട്ടിനാണ്. ആദ്യഘട്ടത്തില്‍ 2.59 കോടി ജനങ്ങളാണ് വിധിയെഴുതുന്നത്. ഇതില്‍ 24 ലക്ഷവും കന്നിവോട്ടര്‍മാരാണ്. 1.17 കോടി സ്ത്രീകളും. മാര്‍ച്ച് 11-ന് വോട്ടെണ്ണും.
മേഖലയില്‍ 2012 നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി, ബി.എസ്.പി. പാര്‍ട്ടികള്‍ 24 സീറ്റുകള്‍വീതം നേടിയപ്പോള്‍ ബി.ജെ.പി.യ്ക്ക് പതിനൊന്നും ആര്‍.എല്‍.ഡി.ക്ക് ഒമ്പതുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് അഞ്ചുസീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.ആദ്യഘട്ടത്തില്‍ ജനവിധിതേടിയിറങ്ങുന്നത് 836 സ്ഥാനാര്‍ഥികളാണ്. ഇതില്‍ 20 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 36 ശതമാനം പേര്‍ കോടിപതികളും.
മറ്റു പാര്‍ട്ടികള്‍ ക്രമസമാധാനപ്രശ്‌നവും വികസനവും മുഖ്യ അജന്‍ഡയാക്കുമ്പോള്‍ മുസാഫര്‍നഗര്‍ ഉള്‍പ്പെടെയുള്ള വര്‍ഗീയപ്രശ്‌നങ്ങളാണ് ബി.ജെ.പി. ഉയര്‍ത്തുന്നത്. മീററ്റ്, അലിഗഢ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത് ബി.ജെ.പി.യ്ക്ക് കരുത്തുപകര്‍ന്നു. നോയിഡയില്‍ തന്റെമകന്‍ പങ്കജിനുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രചാരണത്തിനിറങ്ങാത്തത് ശ്രദ്ധേയമായി.