കേരളത്തെ രക്ഷിക്കാനിറങ്ങിയ പുലിമുരുകനാണ് പിണറായി വിജയന്‍; ഉഴവുര്‍ വിജയന്റെ പ്രസംഗം കേട്ട് മുഖ്യമന്ത്രിയും പൊട്ടിചിരിച്ചു

തിരുവനന്തപുരം: കേരള ജനതയെ രക്ഷിക്കാന്‍ ഇറങ്ങിയ പുലിമുരുകനാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. സഹകരണ ബാങ്കുകളോടു കേന്ദ്രം കാട്ടുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേതൃത്വം കൊടുക്കുന്ന റിസര്‍വ് ബാങ്ക് ധര്‍ണയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഉഴവൂരിന്റെ പരാമര്‍ശം.

ബാങ്കിലേക്കു ഗോ മാതാ, ഗോ മാതാ എന്നു പറഞ്ഞു സ്വന്തം അമ്മയെ പോലും ക്യൂവില്‍ നിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണം. അടുത്ത തെരഞ്ഞെടുപ്പില്‍ ജനം ബിജെപിയുടെ നെഞ്ചില്‍ കുത്തുമെന്നും ഉഴവൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉഴവൂരിന്റെ ആക്ഷേപഹാസ്യ പ്രസംഗം കേട്ടു സദസ്യര്‍ക്കൊപ്പം വേദിയിലിരുന്ന പിണറായി വിജയനും മറ്റു മന്ത്രിമാരും നിര്‍ത്താതെ ചിരിക്കുകയും ചെയ്തു. ചിരിയോടൊപ്പം ചിന്തയും കൂടി യോജിപ്പിച്ചായിരുന്നു ഉഴവൂരിന്റെ പ്രസംഗം. എല്ലാ വിഷയങ്ങളിലും വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെ തന്റേടമായ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ദുഷ്ടമൃഗത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ പുലിമുരുകന്‍ ഇറങ്ങിത്തിരിച്ചത് പോലെ കേരളജനതയെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് പിണറായി വിജയന്‍ എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. വിജയം കണ്ടേ നമ്മള്‍ പോരുള്ളൂ. വിജയന്‍ എന്ന് പേരുള്ളവര്‍ എല്ലാം വിജയിച്ചിട്ടേ പോരൂ. നിങ്ങള്‍ അതില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും ഉഴവൂര്‍ പറഞ്ഞു.
പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനെ പോലും..ഗോ മാതാ..ഗോ മാതാ…ബാങ്കിന് മുന്നിലേക്ക് ഗോ..ഗോ…എന്ന് പറയേണ്ട അവസ്ഥയിലേക്ക് ഈ നാടിനെ കൊണ്ടെത്തിച്ച വ്യക്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും ഈ നാടിനെ ദ്രോഹിച്ചിട്ട്, വൈകുന്നേരം ആകുമ്പോഴേക്കും കുറച്ച് ആളുകള്‍ കുറേ കുങ്കുമമൊക്കെ നെറ്റിയില്‍ വാരിപൂശിയിട്ട് ചാനലിന്റെ അകത്തോട്ട് കയറി വന്നു ഗുസ്തി പിടിക്കുകയാണ്. സഹകരണ മേഖല നിലനില്‍ക്കണമെന്ന് നമ്മള്‍ പറയുമ്പോള്‍ അതിനെതിരായി എന്തെല്ലാമോ പറയുകയാണ് അവരെന്നും ഉഴവൂര്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേയും ഉഴവൂര്‍ പരിഹാസശരങ്ങള്‍ എയ്തു. എന്തിനും പ്രശ്‌നമായി എത്തുന്ന ആളാണ് കുമ്മനം. ശബരിമലയില്‍ ജലീല്‍ പോയപ്പോള്‍ പ്രശ്‌നവുമായെത്തി. കുറച്ച് കൂടി കഴിയുമ്പോള്‍ പറയും വാവര് സ്വാമിയുടെ പേര് വാസുദേവ സ്വാമി എന്ന് ആക്കിയാല്‍ തരക്കേടില്ല എന്ന്. ജീവന്‍ടോണ്‍ കഴിച്ചപോലെ ഭയങ്കര വാശിയിലാണ് കുമ്മനം. മുഖ്യമന്ത്രിയെ നേരിടുകയാണ് പ്രധാന ലക്ഷ്യം. ആരെ കണ്ടാലും കുമ്മനം നേരെ കാലില്‍ വീഴും. വീഴുമ്പോള്‍ ചെളി പറ്റുന്ന വസ്ത്രം മാറ്റാന്‍ നാല് ജോഡി വസ്ത്രവുമായാണ് കുമ്മനത്തിന്റെ നടപ്പ്. നാടിന്റെ വേദന അവര്‍ക്ക് ഒരു പ്രശ്‌നമേ അല്ലെന്നും ഉഴവൂര്‍ വിജയന്‍ കുറ്റപ്പെടുത്തി.

വിജയന്‍ എന്ന് പേരുള്ളവര്‍ വിജയിച്ചേ മടങ്ങൂ. ജനങ്ങളെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി. ഫയലുകള്‍ നോക്കുക മാത്രമല്ല, ഈ നാടിന്റെ വേദന മനസ്സിലാക്കി കൊണ്ട് ജനങ്ങളോടൊപ്പം ഇറങ്ങിവരുന്നവരാണ് ഭരണാധികാരികളെന്ന് കാട്ടിക്കൊടുത്ത മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യനെ തമ്മിലടിപ്പുക മാത്രമല്ല മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറായിരിക്കുകയാണ് കേന്ദ്രം. ഇവിടത്തെ സാമ്പത്തിക ഘടനയാകെ തകര്‍ത്തുകൊണ്ട് മനുഷ്യനെ വഴിയാധാരമാക്കുന്ന ഈ കേന്ദ്രസര്‍ക്കാരിനെതിരെ നമുക്ക് ഒന്നിച്ച് നില്‍ക്കാമെന്ന് പറഞ്ഞാണ് ഉഴവൂര്‍ പ്രസംഗം അവസാനിപ്പിച്ചത്.

Top