മജിസ്‌ട്രേറ്റിന്റെ മരണത്തില്‍ ദുരൂഹത; അഭിഭാഷകര്‍ നടത്തിയ ഗൂഢാലോചനയാണോ സംഭവത്തിന് പിന്നിലെന്ന് സംശയം

കാസര്‍കോഡ്:മജിസ്‌ട്രേറ്റിന്റെ ആത്മഹത്യയില്‍ ദുരൂഹത ഏറുന്നു. മജിസ്‌ട്രേറ്റ് മദ്യപിച്ച് പോലീസ് കസ്റ്റഡിയിലായെന്ന് വാര്‍ത്ത വരികയും ഉടനെ തന്നെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. ഇതിനടുത്ത ദിവസമാണ് കാസര്‍ഗോഡ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണനെ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തയത്. മദ്യപിച്ച് ബഹളം വച്ചുവെന്നുള്ള വാര്‍ത്ത മുതല്‍ എല്ലാം ഗൂഢാലോചനയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. പോലീസ് കസ്റ്റഡിയിലായ മജിസ്‌ട്രേറ്റിര്‍ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സുള്ള്യയിലെത്തിയത് എങ്ങിനെ? അബോധാവസ്ഥയിലാണോ അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ട് എത്തിയതോ? അന്യ സംസ്ഥാനത്ത് പോകുമ്പോള്‍ മേലധികാരികളില്‍ നിന്നും അനുമതി വാങ്ങണമെന്ന് മജിസ്ട്രേറ്റിനും അദ്ദേഹത്തിനോടൊപ്പം പോയ അഭിഭാഷകര്‍ക്കും അറിയാവുന്നതായിരുന്നു. നേരത്തെ സ്വന്തം നാടായ തൃശ്ശൂരില്‍ പോകാന്‍ പോലും അനുമതി വാങ്ങിക്കാറുണ്ടായിരുന്നു മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്‍. കാസര്‍ഗോഡിന്റെ കിഴക്കന്‍ മലയോര അതിര്‍ത്തിയില്‍ നിന്നും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടു പോകാനാണ് സാധ്യത. അല്ലെങ്കില്‍ അദ്ദേഹത്തെ ബോധം കെടുത്തി കൊണ്ടു പോയതാകാനേ തരമുള്ളൂവെന്നാണ് ദളിത് സംഘടനകള്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ കേന്ദ്രത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാല്‍ സുള്ള്യയിലെത്തിച്ചേരാം. അതുകൊണ്ടു തന്നെ കാസര്‍ഗോഡും സുള്ള്യയും കേന്ദ്രീകരിച്ചുള്ള ഒട്ടുമിക്ക അനധികൃത ഇടപാടുകള്‍ക്കും വേദിയാകുന്നത് സുള്ള്യയിലെ ബാറുകളാണ്. ജീവനൊടുക്കപ്പെട്ട മജിസ്ട്രേറ്റിനെ മൂന്ന് അഭിഭാഷകരാണ് സുള്ള്യയിലെത്തിച്ചത്. സുള്ള്യയിലെ ബാറില്‍ മദ്യപിച്ചശേഷം മജിസ്ട്രേറ്റ് ലക്കുകെട്ടന്നായിരുന്നു പ്രചാരണം. അതിനാല്‍ കാസര്‍ഗോഡു നിന്നും പോയ കാറില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ ഇരുത്തിയശേഷം ഭക്ഷണം കഴിക്കാന്‍ പോവുകയും ചെയ്തു. ഒരാള്‍ പോലും മജിസ്ട്രേറ്റിന് കൂട്ടു നില്‍ക്കാതെ പോയതിലും ദുരൂഹത ഉണര്‍ത്തുന്നു. അതിനുശേഷം കാറില്‍ നിന്നിറങ്ങിയ മജിസ്ട്രേറ്റ് സുള്ള്യ ടൗണില്‍ കുറേ ദൂരം നടന്നു പോയെന്നും വഴിയറിയാതെ തിരിച്ചു വരാന്‍ ഓട്ടോ യാത്രക്കാരന്റെ സഹായം തേടുകയും ചെയ്തു. അയാളുമായി കശപിശ നടന്നെന്നും അയാളെ മര്‍ദ്ദിച്ചെന്നുമാണ് കൂട്ടാളികളും പൊലീസും പ്രചരിപ്പിക്കുന്നത്.

കൂട്ടുകാരായ അഭിഭാഷകര്‍ക്കൊപ്പം മദ്യപിച്ച ഉണ്ണികൃഷ്ണന് സ്വബോധം നഷ്ടപ്പെട്ടതാണെങ്കില്‍ അദ്ദേഹത്തെ സുരക്ഷിതമായി നിര്‍ത്തേണ്ട ചുമതല അവര്‍ക്കല്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. കന്നട അറിയാത്ത മജിസ്ട്രേറ്റിനെ കന്നട അറിയുന്ന കാസര്‍ഗോട്ടെ അഭിഭാഷകര്‍ എന്തിന് ഒറ്റപ്പെടുത്തി. ഹോംഗാര്‍ഡ് ഓട്ടോ ഡ്രൈവര്‍, പോലൂസുകാര്‍, എന്നിവരെ ഒറ്റക്ക് മജിസ്ട്രേറ്റ് മര്‍ദ്ദിച്ച് ആശുപത്രിയിലാകാന്‍ കാരണമായി എന്നത് എങ്ങിനെയാണ് വിശ്വസിക്കുക. ഇതെല്ലാം മജിസ്ട്രേറ്റിനെതിരെ മറ്റെന്തോ ഗൂഢാലോചന നടന്നതായി കരുതേണ്ട സംഭവങ്ങളാണ്. അഭിഭാഷകര്‍ക്കൊപ്പം കൂട്ടുകൂടാന്‍ കാസര്‍ഗോഡ് ജില്ലക്കാരനായ ഒരു ബിസിനസ്സ്‌കാരനും ഉണ്ടായതായി വിവരമുണ്ട്. ഇക്കാര്യം കൂടി സ്ഥിരീകരിച്ചാലേ ഈ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ.

കേസുകള്‍ പെട്ടന്ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്‍. കക്ഷികള്‍ക്ക് ഈ നടപടി ഹിതമാണെങ്കിലും ചിലര്‍ക്ക് ഈ നടപടി അസ്വസ്ഥതകള്‍ സൃഷ്ടിച്ചതായും പറയുന്നു. ജോലിയിലെ കാര്യക്ഷമത പരിഗണിച്ച് നേരത്തെ ഗുഡ്സ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചിരുന്നു. മജിസ്ട്രേറ്റിനൊപ്പം സുള്ള്യയിലെത്തിയ അഭിഭാഷകര്‍ ആരൊക്കെയാണെന്നുള്ള ഏകദേശ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അവരുടെ മൊഴിയെടുത്തേക്കും. കാഞ്ഞങ്ങാട്ടു നിന്ന് കാറിലാണ് ഈ മാസം ആറിന് ഇവര്‍ സുള്ള്യയിലേക്ക് പോയത്. അവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ മജിസ്ട്രേറ്റിനെ കാറിലിരുത്തിയശേഷം മൂന്ന് പേര്‍ മറ്റൊരു ഹോട്ടലിലേക്ക് പോകുന്നത് പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മജിസ്ട്രേറ്റിനെ മൂന്നാം മുറയുപയോഗിച്ച് പീഡിപ്പിച്ചിരുന്നതായും രണ്ടു കാലുകളിലും മുഖത്തും മര്‍ദ്ദനമേറ്റ് നീര് വന്നിരുന്നതായും കണ്ടിരുന്നു. അരക്കെട്ട് ചലിപ്പിക്കാന്‍ പോലുമായിരുന്നില്ല. മജിസ്ട്രേറ്റിന്റെ ഫോണ്‍ പിടിച്ചെടുത്തതിനാല്‍ ബന്ധുവായ സഹായിയുടെ ഫോണായിരുന്നു മരിക്കുന്നതിന്റെ തലേ ദിവസം വരെ ഉപയോഗിച്ചിരുന്നത്. തൊട്ടു മുമ്പ് ഈ ഫോണില്‍ മൂന്ന് കോളുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണോ അദ്ദേഹം ജീവനൊടുക്കാന്‍ ഒരുമ്പെട്ടത് എന്ന സംശയവും ബലപ്പെടുന്നു.

Top