കൊല്ലം: മാണിക്ക് പിന്നാലെ മന്ത്രി ബാബുവിന്റെ രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരം നിലച്ചത് ചക്കിട്ടപ്പാറ കേസില്‍ എളമരം കരിമിനെ രക്ഷിച്ചതുകൊണ്ടാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. കൊല്ലം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിവില്ലെന്ന് കാട്ടി ബാബുവിന്റെ കേസില്‍ എന്നതുപോലെ കരിമിനെയും രക്ഷിച്ചതുകൊണ്ട് ഇനി സിപിഎം അനങ്ങില്ല. ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ മാണിക്കും ബാബുവിനും രണ്ട് നീതി നടപ്പാക്കിയത് കേരളസമൂഹത്തില്‍ ചര്‍ച്ചയാണ്. ഇടതുവലതുമുന്നണികള്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണത്തില്‍ കയറുമ്പോള്‍ എതിര്‍മുന്നണികളുമായി ഒത്തുതീര്‍പ്പില്‍ എത്തുകയും കൊള്ളരുതായ്മകള്‍ മൂടിവയ്ക്കുകയും ചെയ്യുകയാണ്. ഇത് വിശ്വസിച്ച് വോട്ടുചെയ്ത ജനങ്ങളെ അവഹേളിക്കലാണ്. ഇതിനുള്ള മറുപടി ജനം തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികാര്യവകുപ്പ് ഇല്ലാതാക്കിയെന്ന് വിലപിക്കുന്ന മുഖ്യമന്ത്രി ഇത് എപ്പോഴാണ് ഉണ്ടായതെന്ന് ആദ്യം തിരക്കണം. കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്ക് വിദേശസന്ദര്‍ശനം നടത്താനും ഉല്ലസിക്കാനുമായി പ്രവാസിവകുപ്പിനെ ഉപയോഗിക്കുകയായിരുന്നു എന്നതാണ് സത്യം. രാജ്യത്തിന് പുറത്ത് പ്രവാസികളുള്ള ഒരിടത്തും പ്രവാസികാര്യവകുപ്പ് ഓഫീസില്ല. അവിടങ്ങളിലൊക്കെ പ്രവാസിക്ഷേമം ഉറപ്പാക്കുന്നത് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസുകളിലൂടെയാണ്. ഏറ്റവും കൂടുതല്‍ പ്രവാസികളെ സഹായിച്ചിട്ടുള്ളത് മോദിസര്‍ക്കാരാണ്. വകുപ്പിലല്ല പ്രവര്‍ത്തനത്തിലാണ് കാര്യമെന്ന് മുഖ്യമന്ത്രിക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.