
തൃശൂർ:കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായി എന്ന് തുറന്നടിച്ച് വി.മുരളീധരന്.
മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ ബിജെപിയിൽ പടയൊരുക്കം. സംസ്ഥാന ഭാരവാഹി യോഗത്തില്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ അധ്യക്ഷൻ വി.മുരളീധരന് രംഗത്തെത്തി. കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായെന്ന കടുത്ത വിമർശനമാണ് മുരളീധരൻ ഉന്നയിച്ചത്. അഴിമതി സംബന്ധിച്ച് ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നതാണെന്നും മുരളീധരൻ പറഞ്ഞു. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്ന് ഔദ്യോഗികപക്ഷവും നിലപാടെടുത്തു. സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചേരിതിരിഞ്ഞു വാദപ്രതിവാദം നടന്നെന്നാണു റിപ്പോർട്ട്. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗമാണു തൃശൂരിൽ നടന്നത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേതൃത്വം നൽകുന്ന സംസ്ഥാന പദയാത്രയുടെ വിശദാംശങ്ങൾ തീരുമാനിക്കാനാണു യോഗം ചേരുന്നതെങ്കിലും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു പ്രധാന ചർച്ചാവിഷയമായത്. മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വം നിലപാടു വിശദീകരിക്കും. റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതുൾപ്പെടെ കാര്യങ്ങളും ചർച്ചയാകും. സംസ്ഥാന പ്രചാരണയാത്രയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണു വിവരം.