മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ, പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യുന്ന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വി.മുരളീധരന്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആദ്യ ഔദ്യോഗികപരിപാടി വിമാനത്താവളത്തിലാണ്. എന്നാല്‍,ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി താല്‍പ്പര്യക്കുറവ്‌ അറിയിച്ചിട്ടില്ലെന്നു വി. മുരളീധരന്‍.
മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ബി.ജെ.പി. നേതൃത്വത്തിനും എതിര്‍പ്പുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്നും കളരിപ്പണിക്കര്‍ ഗണക കണിശ സഭ (കെ.ജി.കെ.എസ്‌) പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രതിമാ അനാച്‌ഛാദനം തികച്ചും സ്വകാര്യമായ ചടങ്ങാണ്‌. ആരൊക്കെ പങ്കെടുക്കണമെന്നു തീരുമാനിക്കേണ്ടത്‌ സംഘാടകരാണ്‌. പ്രോട്ടോക്കോള്‍ വാദം ഉയര്‍ത്തുന്നവര്‍, പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗികപരിപാടി വിമാനത്താവളത്തിലാണെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ അവിടെ പ്രധാനമന്ത്രിയെ സ്വീകരിക്കുകയും കൂടിക്കാഴ്‌ച നടത്തുകയും ചെയ്യുന്നുണ്ടെന്നും വിസ്‌മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനം വിവാദമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭകെടുത്താന്‍ ഉമ്മന്‍ചാണ്ടി നാടകം കളിക്കുകയാണ്. പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ ആസൂത്രിത നീക്കമാണ് ഇതിനുപിന്നില്‍. പരിപാടിക്ക് ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടകരാണ് -സുരേന്ദ്രന്‍ പറഞ്ഞു.
Top