![](https://dailyindianherald.com/wp-content/uploads/2016/09/v.muraleedharan..jpg)
കോഴിക്കോട്: കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കി. കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പി സുനില്‍ ബാബു മുന്‍പാകെ നല്‍കി.ഇടത്, വലത് മുന്നണികളിലെ നേതാക്കളെക്കുറിച്ച് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഒന്നിനെക്കുറിച്ചും ഇതുവരെ ആരും പരാതിപ്പെടാതിരുന്ന സാഹചര്യത്തിലാണ് കത്തയച്ചതെന്ന് മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കത്തില്‍ സൂചിപ്പിച്ചിരുന്ന കാര്യങ്ങള്‍ സംബന്ധിച്ചും കൂടുതലായുള്ള വിവരങ്ങളുമാണ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്ക് നല്‍കിയത്. ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ.
അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. മുരളീധരന്‍, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്തയച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് ഓഫീസിലെത്തി മൊഴി നല്‍കാന്‍ എസ്പി ആവശ്യപ്പെടുകയായിരുന്നു. മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറോളം നീണ്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേരളത്തിലുടനീളം ഉണ്ടാക്കിയിട്ടുള്ള കാര്‍ അക്‌സസറീസ്, ഫാന്‍സി ലൈറ്റ്, ഫര്‍ണിച്ചര്‍ വ്യവസായ ശൃംഖലകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 42 ലക്ഷം രൂപ ചെലവഴിച്ചാണ് മാനേജ്‌മെന്റ് ബിരുദം എടുത്തത്. ഇതിനുള്ള സാമ്പത്തിക സ്രോതസ് എവിടെ നിന്നെന്ന് കണ്ടെത്തണം. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വി.എസ്. അച്യുതാനന്ദന്റെ മകളുടെ രണ്ടു മക്കള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ എംബിബിഎസിന് പ്രവേശനം നേടിയാണ് പഠിക്കുന്നത്.
വന്‍ തുക നല്‍കി മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടാന്‍ പണം എവിടെനിന്നാണ് ലഭിച്ചത്. പണം നല്‍കാതെയാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിക്കുന്നതെങ്കില്‍ എന്തു ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. മുന്‍ മന്ത്രിയും എംഎല്‍എയുമായ വി.എസ്. ശിവകുമാര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണം തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സിന് രേഖാമൂലം മൊഴിയായി നല്‍കിയതെന്ന് മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടും. ഈ വിഷയത്തിലുള്ള പാര്‍ട്ടിയുടെ അന്വേഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥും ഒപ്പമുണ്ടായിരുന്നു.