സഖാക്കളെ സുഹൃത്തുക്കളെ,
ഞാന്‍ നിങ്ങളെ എന്റെ ഫേസ്ബുക്ക് ടൈം ലൈനിലേക്ക് ക്ഷണിക്കുകയാണ്. അവിടെ തെറികളുടെ പെരുമഴയാണ്. ആ മഴനനയുന്നവരില്‍ ഞാന്‍ മാത്രമല്ല ഇപ്പോള്‍ കൈയ്യൊടിഞ്ഞ് വീട്ടില്‍ കിടക്കുന്ന എന്റെ അമ്മ, എനിക്ക് ഇല്ലാതെപോയ എന്റെ പെങ്ങള്‍, ഇനിയും ജനിക്കേണ്ടിയിരിക്കുന്ന എന്റെ കുഞ്ഞുങ്ങള്‍… അവരെല്ലാവരും തന്നെ ഉണ്ട്. ആ മഴ പെയ്യിക്കുന്നത് ആര്‍.എസ്.എസ് ന്റെ ഋഷിശൃംഗന്മാര്‍ അല്ല. അവരെല്ലാം തന്നെ സഖാക്കളാണ്. ചെഗുവേരയെ മുതല്‍ എ.കെ.ജി യെ വരെ മുഖചിത്രമാക്കിയവര്‍. അവര്‍ ഈ സന്ദര്‍ഭത്തിലെങ്കിലും എ.കെ.ജി യെ, ചുരുങ്ങിയത് ആ ആത്മകഥയെങ്കിലും ഒന്ന് വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളെ ആഗ്രഹിക്കുകയാണ്.
അത് എന്തിനാണ് എന്ന് ചോദിച്ചാല്‍ അതിലേക്ക് പിന്നീട് വരാം. അതിനു മുന്‍പായി ഇപ്പോള്‍ എനിക്ക് നേരേ ഉന്നയിക്കപ്പെട്ടിരിക്കുന്ന, ആഘോഷിക്കപ്പെടുന്ന ആരോപണത്തിലേക്ക് വരാം.
ഞാന്‍ പീഡോഫീലിയയെ, അല്ലെങ്കില്‍ ഒരു ബാല പീഡകനെ ന്യയീകരിച്ചിരിക്കുന്നു എന്ന നിലയില്‍ ആണെല്ലോ ആ ആരോപണം. ഏതാണ്ട് രണ്ട് മാസം മുന്‍പ് ‘മുഹമ്മദ് ഫര്‍ഹാദ്’ എന്നയാള്‍ ഒരു ഫേസ്ബുക്ക് ഡിസ്‌കഷനില്‍ ഇട്ട ഒരു കമന്റിനെ തുടര്‍ന്ന്, അതിനെതിരായി നിരവധി പേര്‍ രംഗത്ത് വരുകയും അയാള്‍ ഒരു ബാല/ബാലികാ പീഡന സ്വഭാവമുള്ള രതി വൈകൃത സ്വഭാവത്തിന് ഉടമയാണെന്ന മട്ടില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരുകയും ആ വിഷയത്തില്‍ ഞാന്‍ എന്റെ നിലപാട് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം വ്യക്തമാക്കുകയും ഉണ്ടായി. ബാലപീഡനം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനോ വ്യക്തിക്കോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് അസന്തിഗ്ധമായി പ്രക്യാപിക്കുന്നതാണ് ആ നിലപാട്.
അതേസമയം ഒരു ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ മാത്രം ഒരാള്‍ ബാല/ബാലികാ പീഡനം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ ആണെന്ന നിഗമനത്തിലെത്തി, അയാളെ ആള്‍ക്കൂട്ട വിചാരണ നടത്തുന്നതിനോടും യോജിക്കാന്‍ കഴിയില്ല എന്നും അതിനോടൊപ്പം വ്യക്തമാക്കിയിരുന്നു. പലരും ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവം ആയതുകൊണ്ടും അതെല്ലാം അന്വേഷിച്ച് യഥാര്‍ത്ഥ വസ്ഥുത കണ്ടെത്തി ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കണം എന്നും ആവിശ്യപ്പെട്ടിരുന്നു.
അത് കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ട് മാസം കഴിഞ്ഞിരിക്കുന്നു ഇതുവരെ അങ്ങനെ ഒരു കൃത്യം നടന്നതായോ ഒരു ഇരയെപോലുമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ ആ ആരോപണങ്ങള്‍ അയാള്‍ക്കെതിരെ കെട്ടിചമച്ചതാണെന്ന് പറയേണ്ടിവരും അല്ലെങ്കില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ഒരു പീഡകനെ സംരക്ഷിക്കുകയാണെന്ന് പറയേണ്ടി വരും. രണ്ടായാലും മറുപടി പറയേണ്ടത് ബന്ധപ്പെട്ടവര്‍ തന്നെയാണ്. അതിനിടയില്‍ ആരോപിതനായ ആളുടെ സഹോദരിക്ക് അയല്‍സംസ്ഥാനത്ത് പഠിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് ആള്‍ക്കൂട്ട വിചാരണ ചെന്നെത്തിയപ്പോള്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. അതിന്റെ പേരില്‍ അയാളുടെ ബാപ്പ, ഉമ്മ, പെങ്ങള്‍ അടങ്ങുന്ന കുടുമ്പം വിചാരണ ചെയ്യപ്പെടുന്ന സന്ദര്‍ഭം ഉണ്ടായപ്പോള്‍ ആ കുടുമ്പത്തോടൊപ്പം നില്‍ക്കാന്‍ ശ്രമിച്ചത് ഇതിലും ചെറിയ കാര്യങ്ങള്‍ക്കാണ് മലയാളികള്‍ കൂട്ട ആത്മഹത്യ ചെയ്യുന്നത് എന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്.
സൈബര്‍ സഖാക്കളുടെ ആക്രമണങ്ങള്‍ പിന്നീട് സൈബര്‍ സംഘികളിലേക്ക് എത്തിയപ്പോള്‍ ചെറിയ കുട്ടികളെ പീഡിപ്പിക്കുന്ന മുസ്ലീം ബലാല്‍സംഘിയെ കൈകാര്യം ചെയ്യുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതും പിന്നീട് കണ്ടു. അപ്പോള്‍ അതിനെ എതിര്‍ത്തിട്ടുണ്ടെങ്കില്‍ മദ്രസ അധ്യാപകന്റെ കൊലപാതകത്തിന് ഒരു ദിവസത്തെ ആയുസ്സും മദ്രസാ പരിസരത്ത് ആരെങ്കിലും ഏതെങ്കിലും ഒരു കുട്ടിയെ മിഠായി കൊടുത്ത് പീഡിപ്പിച്ചാല്‍ മദ്രസയില്‍ പീഡനം എന്ന് പറഞ്ഞു തുടര്‍ ന്യൂസുകളും ഉത്പാദിപ്പിക്കപ്പെടുന്ന മാധ്യമ ബോധത്തെയും അതിനെ പിന്തുടരുന്ന പൊതുബോധത്തെയും കുറിച്ച് വ്യക്തമായ ധാരണ ഉള്ളത് കൊണ്ട് തന്നെയാണ്.
അത്തരം മുഴുത്ത മുസ്ലീം ലിംഗത്തെ കുറിച്ചുള്ള നിറം പിടിപ്പിച്ച ഭാവനകള്‍ക്കെതിരെ ഒരു പ്രതിബോധം എപ്പോഴും മനസില്‍ സൂക്ഷിക്കുന്നത് കൊണ്ട് തന്നെയാണ്.
മുസ്ലീം ലിംഗങ്ങള്‍ മുറിച്ച് കളയണമെന്ന് പ്രക്യാപിച്ച സുധീഷ് മിന്നി പഴയ സംഘിയും ഇപ്പോഴത്തെ സഖാവും ആണെന്നുള്ളത് കേവലം യാദൃശ്ചികത ആണെന്ന് കരുതേണ്ടതില്ല. അപ്പോള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയാനുള്ളത്, മുഹമ്മദ് ഫര്‍ഹാദല്ല ആര് കുറ്റകൃത്യം ചെയ്താലും നടപടി എടുക്കേണ്ടത് ഇവിടുത്തെ പോലീസ് സംവിധാനം ആണ്. ഇത്തരം ഗൗരവതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ട് ഇതുവരെ ഒരു ഇരയേയോ വ്യക്തമായ പരാതിയോ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?
ആരോപണം ഉന്നയിച്ചവര്‍ക്കോ അതോ ഇവിടുത്തെ പോലീസ് സംവിധാനത്തിനോ ?
അതെന്തായാലും ആഭ്യന്തര മന്ത്രി അനൂപ് വി.ആര്‍ അല്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ വഴിയില്ലെല്ലോ! അതെ, ബാല/ബാലികാ പീഡനം ആരുടെ കാര്യത്തിലും ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത, നിയമപരമായി മാത്രമല്ല നൈതികമായും കുറ്റകൃത്യം ആണെന്ന് തന്നെയാണ് വിശ്വാസം. അത്തരം കാര്യങ്ങള്‍ക്ക് എതിരെ നിയമപരമായ നടപടികള്‍ തന്നെയാണ് ആവിശ്യം എന്ന് അടിവരയിട്ട് പറയുന്നു. അതേസമയം ആരെയെങ്കിലും ആരോപണങ്ങളുടെ നിഴലില്‍ നിര്‍ത്തി, ആള്‍ക്കൂട്ടതിന് അവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാനും നീതി നടപ്പിലാക്കാനും ആണ് തുനിയുന്നതെങ്കില്‍ അതിനെ അനുകൂലിക്കാന്‍ കഴിയില്ല. അത് ചെയ്യുന്നത് സൈബര്‍ സംഘികളല്ല സൈബര്‍ സഖാക്കള്‍ ആയാലും.
ഇനി പീഡോഫീലിയ എന്ന് കേള്‍ക്കുമ്പോഴേക്കും ചോര തിളയ്ക്കുന്ന സൈബര്‍ സഖാക്കളുടെ വായനയിലേക്കായി ഞാന്‍ ആദ്യം പറഞ്ഞ ആ പുസ്തകം എ.കെ.ജി യുടെ ആത്മകഥ ശുപാര്‍ശ ചെയ്യുന്നു. ജീവിതം മുഴുവന്‍ സമരമാക്കിയ ആ സഖാവിന്റെ സുതാര്യമായ ജീവചരിത്രം ശരീരവുമായുള്ള സമരങ്ങളുടേത് കൂടിയായിരുന്നു. മലയാളത്തില്‍ എഴുതപ്പെട്ട പീഡോഫീലിയ അനുഭവങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും ഗവേഷണം ചെയ്യണമെങ്കില്‍ ഒരുപക്ഷേ ഏക റഫറന്‍സ് ഗ്രന്ഥം ഇതായിരിക്കും. ‘വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുകൊണ്ടിരിക്കുന്ന ശുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’ എന്ന് സുതാര്യപ്പെടുന്നുണ്ട് സഖാവ്.സഖാവിന്റെ സഖിയ്ക്ക് അന്ന് പത്ത് വയസില്‍ കൂടുതല്‍ മാത്രം ആണ് പ്രായം.
(പ്രായപൂര്‍ത്തി ആവാനുള്ള പ്രായം 18 വയസ്സാക്കി നിജപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടന അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്നു എന്നും ഓര്‍ക്കണം)
അപ്പോള്‍ എ.കെ.ജി യുടെ പ്രായം എന്തായിരുന്നു എന്ന് ആ ആത്മകഥ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. ആ ബന്ധത്തോട് അവരുടെ കുടുംബത്തിന്റെ നിലപാട് എന്തായിരുന്നു എന്നും അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതെന്തായാലും ഇപ്പോള്‍ എല്ലാവരും ഉദ്ധരിക്കുന്ന അമേരിക്കന്‍ സൈകാട്രിക്ക് സൊസൈറ്റിയുടെ ലക്ഷണങ്ങള്‍ വച്ച് നോക്കിയാല്‍ അമരാവതിയിലെ ആ സമരനായകന്റേത് പീഡോഫീലിയ തന്നെയാണ്. അപ്പോള്‍ സഖാക്കളെ നിങ്ങള്‍ ആ ആത്മകഥ ഒരാവര്‍ത്തി കൂടി വായിക്കൂ. വായിച്ചു കഴിഞ്ഞാല്‍ നിങ്ങളാ കല്ലറയ്ക്ക് കല്ലെറിയരുതേ…ബലികുടീരം മുഴുത്ത തെറികള്‍ കൊണ്ട് നിറയ്ക്കരുതേ…
കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മനുഷ്യത്ത്വമുള്ള മനുഷ്യനാണത്.
ചിന്ത രവീന്ദ്രന്‍ ഒ.വി വിജയനുമായി നടത്തിയ ഒരു അഭിമുഖത്തില്‍ മാര്‍ക്‌സിസത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടിയായി വിജയന്‍ പറയുന്നത് ഇങ്ങനെയാണ്. ‘മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉള്ള മറുപടിയല്ല മാര്‍ക്ക്‌സിസം. സമത്വം സ്വാതന്ത്ര്യം വിപ്ലവം ഇതിനൊക്കെ സമാന്തരമായി. സ്‌നേഹം രതി കരുണ മരണം എന്നിവയിലൂടെ കടന്നു പോകുന്ന ഒരു മനുഷ്യന്‍ കൂടിയുണ്ട്. അത്തരം മനുഷ്യനില്‍ കൂടിയാണ് ഉല്‍കണ്ഠ. അതെ സഖാക്കളെ എ.കെ.ജി അടക്കമുള്ള അത്തരം മനുഷ്യരില്‍ കൂടിയാണ് എന്റെ ഉല്‍കണ്ഠ. അതിക്ഷേപങ്ങളുടെ അമ്പുപെരുന്നാളുമായി ഇനിയും ഈ വഴി വരണം. അതു വരെ ലാല്‍ സലാം സഖാക്കളെ..
ലാല്‍ സലാം..