പിണറായി ഭരണത്തില്‍ പോലിസുകാര്‍ തെരുവുഗുണ്ടകളാകുന്നു; ഇത് ഇടതുഭരണമാണെന്ന് പോലീസ് ഓര്‍ക്കണമെന്ന് വിഎസ്

തിരുവനന്തപുരം: പോലീസിന്‍െ മനോവീര്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി പിന്തുണ നല്‍കിയതോടെ കേരളത്തിലെ പോലീസ് പീഡന മുറികളായി മാറുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാത്ത വിധം പോലീസ് ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് വിശ്രമിക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തേയും ക്രൂരമായാണ് എസ് ഐ നേരിട്ടത്. ഇത്തരത്തില്‍ നിരവധി പരാതികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ പത്തിലധികം കസ്റ്റഡി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും പോലിസിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്. വ്യാപകമായി പോലീസ് മര്‍ദ്ദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതിനെ ന്യായികരിക്കാനാണ് പോലീസും പാര്‍ട്ടി കേന്ദ്രങ്ങളും ഒരുമിച്ച് ശ്രമിക്കുന്നത്.

സംഘപരിവാരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎം ഭരണത്തിന് കീഴിലാണ് യുവമോര്‍ച്ച നല്‍കുന്ന പരാതികളില്‍ പോലീസ് യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ഇടപെടുന്നത്. അതേ സമയം പോലീസ് നടപടികളെ വിമര്‍ശിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയല്ല പൊലീസെന്നു വി എസ് പറഞ്ഞു.
സിപിഎം നേതാവിനെ മര്‍ദിച്ച പൊലീസുകാരനെ വധശ്രമത്തിനു കേസെടുത്തു സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. പൊലീസിന്റെ മനോവീര്യം കാട്ടേണ്ടതു ജനങ്ങളെ ഭീതിയില്‍ ആഴ്ത്തിയല്ല. ഇത് ഇടതുഭരണമെന്നു പൊലീസ് ഓര്‍ക്കണമെന്നും വി എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തിലും കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലുമാണു പൊലീസിനെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുന്നുവെന്ന തോന്നലുളവാക്കുമെന്നും വി എസ് പറഞ്ഞു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടുംബത്തേയും ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിന്റെയും കമല്‍ സി ചവറയെ ദേശീയ ഗാനത്തെ അധിക്ഷേപിച്ചതായി ആരോപിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച സംഭവത്തിന്റെയും പശ്ചാത്തലത്തിലാണു വി എസിന്റെ പ്രതികരണം.

ഫോര്‍ട്ട് കൊച്ചിയില്‍ എസ്‌ഐ ദ്വിജേഷും ഹെഡ് കോണ്‍സറ്റബിള്‍ രാജേഷും അടങ്ങുന്ന സംഘമാണ് സിപിഐഎം പനേപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയമായ സനീഷിനേയും ഭാര്യ ഷാമില, ആസിഫ്, ഭാര്യ ആഷിത എന്നിവരേയും മര്‍ദ്ദിച്ചത്. ഈ പൊലീസ് ഉദ്യോഗസ്ഥരെ വധശ്രമത്തിന് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യണമെന്നും വി എസ് പറഞ്ഞു.

ഒന്നര വയസുള്ള കുഞ്ഞിനേയും ഗര്‍ഭിണിയായ ഒരു സ്ത്രീയുമുള്‍പ്പെടെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനയില്‍ വച്ചുപൊറുപ്പിക്കാനാവില്ല. പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ടാവരുത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പൊലീസെന്ന്, പൊലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു.

ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചു എന്ന് ചൂണ്ടികാണിച്ച് കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത് നട്ടെല്ല് തകര്‍ക്കുമെന്ന് പറഞ്ഞ നടപടി ശരിയല്ല. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന പൊലീസിന്റെ വാദത്തേയും വി എസ് കണക്കറ്റ് വിമര്‍ശിക്കുന്നു. ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നലുളവാക്കാനാണ് ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കുക എന്നും വി എസ് കുറ്റപ്പെടുത്തി.

Top