
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മല്ലുമോദിയെന്ന് പരിഹസിച്ച് വിടി ബലറാം എംഎല്‍എ. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ തനിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നതിനെ പരാമര്‍ശിച്ച് ബല്‍റാം നല്കിയ പോസ്റ്റിലാണ് മല്ലുമോദിയെന്ന് പിണറായിയെ വിശേഷിപ്പിക്കുന്നത്.
അന്ന് ഡാമിനുകീഴെ ചപ്പാത്തില്‍ അഞ്ചുസെന്റ് സ്ഥലവും വീടും നല്‍കാമെന്നും അവിടെ താമസിക്കാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു ഇ എസ് ബിജിമോള്‍ എംഎല്‍എ ബല്‍റാമിനെ വെല്ലുവിളിച്ചത്. ഇപ്പോള്‍ ഡാമിന്റെ ഉറപ്പില്‍ ഒരു സംശയമില്ലാത്ത ഒരാള്‍ എല്ലാം ശരിയാക്കാന്‍ കടന്നുവന്ന സാഹചര്യത്തില്‍ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാം എന്നാണ് ബലറാം പരിഹസിക്കുന്നത്.
നേരത്തെ ഫേസ്ബുക്കില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തി നിലവിലെ ഡാം ഡീകമ്മിഷന്‍ ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ആയിരുന്നു ബല്‍റാം അഭിപ്രായപ്പെട്ടിരുന്നത്. അതു പറഞ്ഞപ്പോള്‍ വലിയ വിമര്‍ശനവും അധിക്ഷേപവുമായിരുന്നു തനിക്ക് നേരിടേണ്ടിവന്നതെന്ന് സൂചിപ്പിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. എതായാലും മുല്ലപ്പെരിയാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉറപ്പുപറയുകയും മുഖ്യമന്ത്രിയായ ശേഷം ഇപ്പോള്‍ പിണറായി നിലപാടുമാറ്റുകയും ചെയ്തതിനിതിരെ വിഡി സതീശനും ബല്റാമിനുമൊപ്പം നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
മുല്ലപ്പെരിയാര്‍ സമരസമിതിയും പിണറായിയുടെ നിലപാടിനെതിരെ ശക്തിയുക്തം രംഗത്തുവന്നിട്ടുണ്ട്. സമരം പുനരാരംഭിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നാണ് അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.