വദ്രയുടെ ഭൂമിയിടപാട് റദ്ദാക്കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

gandhiന്യൂഡല്‍ഹി: റോബര്‍ട്ട് വദ്ര ഹരിയാണയില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ മുഴുവന്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സംഭവം വിവാദമായി.സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെന്ന വാദവുമായി ഹരിയാണ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവുമായ ഭൂപീന്ദര്‍ ഹൂഡ രംഗത്തെത്തി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി. വദ്രയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നാണംകെട്ട നീക്കങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ചു.

ഹരിയാണ രജിസ്‌ട്രേഷന്‍ ഐ.ജി.യും 1991 ബാച്ച് ഐ.എ.എസ്. ഓഫീസറുമായ അശോക് ഖെംകയെയാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അതേസമയം, ഖെംക ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹരിയാണ സര്‍ക്കാര്‍ മൂന്നംഗ അന്വേഷണക്കമ്മീഷനെ നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയോട് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പി.കെ.ചൗധരി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണ് ഖെംകയെ സ്ഥലംമാറ്റിയതെന്നാണ് ഹരിയാണ സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് നടപടി. പ്രശ്‌നം വെച്ചുതാമസിപ്പിക്കരുതെന്നും കഴിയുംവേഗം നടപടിയെടുക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ അത് അനുസരിച്ചുവെന്നേയുള്ളൂ -സര്‍ക്കാര്‍ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷന്‍ ഐ.ജി. പദവിയില്‍നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് അശോക് ഖെംകെയാകട്ടെ അദ്ദേഹം പദവിയിലുണ്ടായിരുന്ന അവസാനദിവസമായ ഒക്ടോബര്‍ 15ന് ഈ ഭൂമി ഇടപാടുകളിലൊന്ന് റദ്ദാക്കുകയുംചെയ്തു. മനേസര്‍-ഷികോക്പുര്‍ മേഖലയിലെ 3.531 ഏക്കര്‍ ഭൂമി റോബര്‍ട്ട് വദ്ര 58 കോടിരൂപയ്ക്ക് ഡി.എല്‍.എഫിന് നല്‍കിയ ഇടപാടാണ് റദ്ദുചെയ്തത്. വദ്രയുടെ കമ്പനിയായ സൈ്കലൈറ്റ് ഹോസ്പിറ്റാലിറ്റി ഭൂമിയുടെ വില കുറച്ചാണ് കാണിച്ചന്നതെന്ന ആരോപണം അന്വേഷിക്കാനാണ് ഖെംക ഉത്തരവിട്ടത്. 2012 സപ്തംബര്‍ 18-നാണ് ഇടപാട് നടന്നത്.

2008 ഫിബ്രവരി 12-നാണ് വദ്രയുടെ സൈ്കലൈറ്റ് ഹോസ്പിറ്റാലിറ്റി 7.5 കോടി രൂപയ്ക്ക് ഈ സ്ഥലം വാങ്ങിയത്. ഈ തുക കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നുള്ള വായ്പയാണെന്നാണ് സൈ്കലൈറ്റ് കമ്പനിയുടെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇങ്ങനെയൊരു തുക ഈ കമ്പനിക്ക് വായ്പനല്‍കിയിട്ടില്ലെന്ന് കോര്‍പറേഷന്‍ ബാങ്ക് ചൂണ്ടിക്കാട്ടുന്നു. അതോടെ ഈ തുക സംബന്ധിച്ച സംശയങ്ങളും ബലപ്പെട്ടു. ഈ സ്ഥലം വാങ്ങി ഒരുമാസം കഴിഞ്ഞപ്പോഴേക്കും ഇതിലെ 2.701 ഏക്കര്‍ ഭൂമി ഹൗസിങ്‌കോളനിയാക്കി മാറ്റാന്‍ വദ്രയുടെ കമ്പനിക്ക് ടൗണ്‍ ആന്‍ഡ് പ്ലാനിങ്‌വിഭാഗം ലൈസന്‍സ് നല്‍കി. 2011 ജനവരി 18-ന് ഈ ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു. അതിനുശേഷം ഡി.എല്‍.എഫിന് ഈ ഭൂമി 58 കോടിരൂപയ്ക്ക് നല്‍കുന്ന കരാര്‍ 2012 സപ്തംബറില്‍ രജിസ്ട്രര്‍ചെയ്തു.
എന്നാല്‍, രജിസ്‌ട്രേഷന് നാലുവര്‍ഷംമുമ്പേ ഡി.എല്‍.എഫുമായി വില്പനസംബന്ധിച്ച കരാറില്‍ വദ്രയും കമ്പനിയും എത്തിയതായി അന്വേഷണം വെളിപ്പെടുത്തുന്നു. ഭൂമിക്ക് ഹൗസിങ്‌കോളനി ലൈസന്‍സ് ലഭിച്ച് 65 ദിവസത്തിനകമാണിത്. 2009 ഒക്ടോബറിനകം ഈ ഇടപാടില്‍ 50 കോടിരൂപ വദ്രയുടെ കമ്പനി കൈപ്പറ്റിക്കഴിഞ്ഞു. അഥവാ ഈ ഭൂമി വില്‍ക്കുന്നതിനുള്ള 85 ശതമാനത്തിലേറെ പണവുംകൈമാറിയ ശേഷമാണ് ഹൗസിങ്‌സൊസൈറ്റിയുടെ ലൈസന്‍സ് പുതുക്കിയത്. ഇത് നിയമവിരുദ്ധമാണ്.

20 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിലെ 43-ാമത്തെ സ്ഥലംമാറ്റമാണിതെന്ന് ഖെംകെ പറഞ്ഞു.രജിസ്‌ട്രേഷന്‍ ഐ.ജി. പദവിയിലെത്തി മൂന്നുമാസത്തിനകമാണ് അദ്ദേഹത്തെ നീക്കിയത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രയത്‌നിക്കുകയും ശരിയായ തരത്തില്‍ ജോലിചെയ്യുകയും ചെയ്തതിന് ശിക്ഷിക്കപ്പെടുന്നത് തികച്ചും മര്യാദകേടാണെന്ന് ഹരിയാണ ചീഫ്‌സെക്രട്ടറി പി.കെ ചൗധരിക്ക് അയച്ച പരാതിയില്‍ ഖെംകെ കുറ്റപ്പെടുത്തുന്നു. അധികാരം ഉപയോഗിച്ച് ഭൂമി പിടിച്ചെടുത്ത അഴിമതി പുറത്തുവരുമെന്ന് ഭയക്കുന്ന ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നിക്ഷിപ്തതാത്പര്യമാണ് തന്നെ ശിക്ഷിക്കാന്‍ കാരണമെന്നും അദ്ദേഹം ചീഫ്‌സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.
വദ്രയ്‌ക്കെതിരെ അന്വേഷണം നടത്തിയാല്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്ന് നിയമമുണ്ടോ എന്നകാര്യം ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ഹൂഡ വിശദീകരിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട.്

എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷവും മാധ്യമങ്ങളും വദ്രയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനെ വേട്ടയാടാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. ഏത് ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റുക എന്നത് സര്‍ക്കാറിന്റെ അവകാശമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി.കെ.ഹരിപ്രസാദ് പറഞ്ഞു.

Top