ജനരക്ഷായാത്ര:വഹിദ് എം.എല്‍.എ ചെയര്‍മാനാകാന്‍ വിസമ്മതിച്ച സംഭവം: കോണ്‍ഗ്രസില്‍ വിവാദം ചൂടുപിടിക്കുന്നു

കഴക്കൂട്ടം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ മണ്ഡലം സ്വാഗതസംഘം ചെയര്‍മാനാകാന്‍ എം.എല്‍.എ വിസമ്മതിച്ച സംഭവം കോണ്‍ഗ്രസിനുള്ളില്‍ വിവാദമാകുന്നു. എം.എ. വാഹിദ് എം.എല്‍.എയാണ് ഡി.സി.സി-കെ.പി.സി.സി തീരുമാനങ്ങള്‍ക്കെതിരായി ചെയര്‍മാനാകാന്‍ വിസമ്മതിച്ചത്. കമ്മിറ്റിയുടെ സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍നിന്ന് ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള ഇറങ്ങിപ്പോയിരുന്നു.
സംഭവം മണ്ഡലത്തിലെ ഗ്രൂപ് പോരിന്‍െറ ഭാഗമാണെന്നും പറയപ്പെടുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറിന് വെട്ടുറോഡ് രാഗം ഓഡിറ്റോറിയത്തിലാണ് സ്വാഗതസംഘം രൂപവത്കരണം നടന്നത്. യോഗം ആരംഭിച്ച് ഡി.സി.സി പ്രസിഡന്‍റും സ്ഥലം എം.എല്‍.എ എം.എ. വാഹിദും സംസാരിച്ചശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
എം.എല്‍.എമാരായിരിക്കണം ചെര്‍മാനാകേണ്ടതെന്ന് നേതൃത്വം തീരുമാനിച്ചിരുന്നു. ജില്ലയില്‍ ഡെപ്യൂട്ടി സ്പീക്കറുടെയും മന്ത്രി വി.എസ്. ശിവകുമാറിന്‍െറയും മണ്ഡലമൊഴികെയുള്ള സ്ഥലങ്ങളില്‍ തീരുമാനം നടപ്പാക്കാനായിരുന്നു ധാരണ. സ്വാഗതസംഘാംഗങ്ങളുടെ പേര് യോഗാധ്യക്ഷന്‍കൂടിയായ കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് അണ്ടൂര്‍ക്കോണം സനല്‍ അവതരിപ്പിക്കവേ ചെയര്‍മാന്‍െറ പേര് കൂടി ചേര്‍ത്ത് വായിക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചാവശ്യപ്പെട്ട ശേഷവും വായിക്കാതെ വന്നതോടെയാണ് കരകുളം ഇറങ്ങിപ്പോയത്.
യോഗത്തില്‍ 120 ഓളം പേര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 80 ഓളം പേരും പ്രസിഡന്‍റിനൊപ്പം പുറത്തിറങ്ങി. സ്ഥലം എം.എല്‍.എ ചെയര്‍മാനാകാന്‍ തയാറാകാത്തതിനാല്‍ സ്വാഗതസംഘത്തിന്‍െറ ആവശ്യമില്ളെന്നും ബ്ളോക് കമ്മിറ്റി സ്വന്തം നിലയില്‍ സ്വീകരണം നല്‍കിയാല്‍ മതിയെന്നും കരകുളം നിര്‍ദേശിച്ചു. അതേസമയം, പിന്നീട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തുകയും സ്വാഗതസംഘം വര്‍ക്കിങ് പ്രസിഡന്‍റായി ചെമ്പഴന്തി അനിലിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. സംഭവം കെ.പി.സി.സിക്ക് ഡി.സി.സി റിപ്പോര്‍ട്ട് ചെയ്തതായി നേതാക്കള്‍ പറയുന്നു.
കഴക്കൂട്ടത്ത് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വോട്ടിന്‍െറ കുറവും പുതിയ സംഭവത്തോടെ വീണ്ടും വിവാദമായിരിക്കുകയാണ്.

Top