കൊച്ചി: ഗായത്രി വീണയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഗാനം വായിച്ച് വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ഒരു തന്ത്രി മാത്രമുള്ള സംഗീതോപകരണത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ വായിച്ചതിനുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യുആര്‍എഫ്) ലോക റെക്കോര്‍ഡ് ബുക്കിലേയ്ക്കാണ് പ്രിയ ഗായിക നടന്നു കയറിയത്. ഗായത്രി വീണയില്‍ ആറു മണിക്കൂര്‍ കൊണ്ട് 69 ഗാനങ്ങള്‍ വായിച്ചാണു നേട്ടം സ്വന്തമാക്കിയത്.
കണ്ണുകളില്‍ ഇരുള്‍ പരത്തിയ വിധിയെ സംഗീത സ്വരങ്ങളെക്കൊണ്ട് അതിജീവിച്ച വിജയലക്ഷ്മി, ഒറ്റക്കമ്പിയുള്ള ഗായത്രി വീണയില്‍ ഗാനമഴ പെയ്യിച്ചപ്പോള്‍ അതിലൊരു ഗാനത്തിനു പിന്നണിയേകാന്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെത്തി. രാവിലെ പത്തിനു സംഗീത സംവിധായകന്‍ വിദ്യാധരനാണു റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള സംഗീത പരിപാടിക്കു തിരിതെളിച്ചത്.
ആദ്യം വായിച്ചതു തിരുവൊട്രിയൂര്‍ ത്യാഗയ്യരുടെ സഹാന രാഗത്തിലുള്ള കരുണിംപാ എന്ന വര്‍ണം. തുടര്‍ന്ന് ത്യാഗരാജ കൃതി ശ്രീഗണനാഥ. പൊന്നയ്യാ പിള്ളയുടെയും ഡോ. ബാലമുരളികൃഷ്ണയുടെയും സ്വാതിതിരുനാളിന്റെയുമെല്ലാം കൃതികള്‍ പിന്നാലെ. കര്‍ണാടക സംഗീതത്തിനു തുടര്‍ച്ചയായി മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും ഗായത്രി വീണയിലൂടെ വിജയലക്ഷ്മി വായിച്ചു.
ഭാര്‍ഗവീനിലയത്തിലെ താമസമെന്തേ വരുവാന്‍ എന്ന ഗാനത്തിന് പക്കമേളമായി മൃദംഗം വായിച്ചത് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. അഞ്ചു മണിക്കൂറില്‍ 51 ഗാനങ്ങള്‍ ലക്ഷ്യമിട്ടാരംഭിച്ച സംഗീത വിരുന്നില്‍ വൈകിട്ടു മൂന്നരയോടെ 67 ഗാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
യുആര്‍എഫ് കേരള പ്രതിനിധി സുനില്‍ ജോസഫ് ഇക്കാര്യം അറിയിച്ചപ്പോള്‍ നിറഞ്ഞ കയ്യടി. തുടര്‍ന്നു ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം എന്ന ഗാനം. ഒടുവില്‍ തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലെ ശങ്കരാ നാദശരീരാപരാ എന്ന പാട്ടോടെ സംഗീത വിരുന്ന് അവസാനിച്ചപ്പോള്‍ സദസ് എഴുന്നേറ്റുനിന്നു സംഗീതപ്രതിഭയ്ക്ക് ആദരമേകി.
മണിക്കൂറില്‍ അഞ്ചു മിനിറ്റ് വീതമായിരുന്നു വിശ്രമം. മകള്‍ക്കു കരുത്തേകി പിതാവ് വി. മുരളീധരനും അമ്മ വിമലയും തൊട്ടടുത്ത്. ഇടവേളയില്‍ കുടിക്കുന്ന വെള്ളം മാത്രമായിരുന്നു ഊര്‍ജം. വിജയലക്ഷ്മിക്കൊപ്പം പതിവായി സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നവരാണു പിന്നണിയിലെത്തിയത്.
സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ ചേര്‍ന്ന് യുആര്‍എഫ് ലോക റെക്കോര്‍ഡ് അംഗീകാരം കൈമാറി. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ളവയ്ക്കു വേണ്ടി ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കും. 28 മണിക്കൂര്‍ ഓടക്കുഴല്‍ വായിച്ചു റെക്കോര്‍ഡിട്ട മുരളി നാരായണന്‍, പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരായ ആനന്ദ് കൃഷ്ണ, സെന്തില്‍ കുഴല്‍മന്ദം, ഹരിദാസ് എറവക്കാട് എന്നിവര്‍ പ്രസംഗിച്ചു.
ഒരു തന്ത്രി മാത്രമുള്ള സംഗീതോപകരണമാണിത്. ഒരേ ശ്രുതിയില്‍ ട്യൂണ്‍ ചെയ്തിട്ടുള്ള ഉപകരണം. വലതുകയ്യില്‍ പിടിച്ച നഖംപോലുള്ള ചെറിയ വസ്തു വീണക്കമ്പിയെ മീട്ടുന്നു. ഇടതുകയ്യിലെ ചെറുദണ്ഡ് സ്വരങ്ങളിലെ ആരോഹണാവരോഹണങ്ങള്‍ സൃഷ്ടിക്കും. അങ്ങനെയാണു വാദനം.
ഇലക്ട്രിക് ഗായത്രിവീണ വായിക്കുന്ന അപൂര്‍വം സംഗീതജ്ഞരില്‍ ഒരാളാണ് വൈക്കം വിജയലക്ഷ്മി. അച്ഛന്‍ മുരളീധരനാണു വിജയലക്ഷ്മിയുടെ വീണയ്ക്കു രൂപം കൊടുത്തത്. വയലിന്‍ മാന്ത്രികന്‍ കുന്നക്കുടി വൈദ്യനാഥനാണ് ഇതിനെ ഗായത്രി വീണയെന്നു വിളിച്ചത്. അടുത്തിടെ നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്തിരിഞ്ഞത് വാര്‍ത്തയായിരുന്നു. ശക്തമായ തീരുമാനം എടുത്ത ഗായികയ്ക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു.