ഭൂവനേശ്വര്‍ :മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചെന്ന വ്യാജവാര്‍ത്തയുടെ പേരില്‍ സ്കൂളിന് അവധി നല്‍കി. ശനിയാഴ്ച ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ യുജിഎംഇ സ്‌കൂളിലാണ് സംഭവം.വ്യാജവാര്‍ത്തയെത്തുടര്‍ന്ന് സ്കൂളില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.വെള്ളിയാഴ്ച നടന്ന സംഭവം വിവാദമായതോടെ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രായമായതിനെ തുടര്‍ന്നുള്ള അസുഖങ്ങളാല്‍ ഏതാനും വര്‍ഷങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ലാത്ത അതല്‍ ബിഹാരി വാജ്‌പേയ് മരിച്ചെന്നാണ് ബലസോറിലെ പ്രധാനാധ്യാപകന് കിട്ടിയ വിവരം. മറ്റൊരു സ്‌കൂളില്‍ അധ്യാപക പരിശീലനത്തിനിടെയാണ് സഹപ്രവര്‍ത്തകന്‍ പ്രധാനാധ്യാപകനോട് ഇക്കാര്യം പറഞ്ഞത്.
ഇതോടെ സ്‌കൂളില്‍ വിവരമറിയിച്ച പ്രധാനാധ്യാപകന്‍ അനുശോചനയോഗത്തിന് ശേഷം സ്‌കൂളിന് അവധി നല്‍കാനും നിര്‍ദ്ദേശം നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളാണ് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പ്രധാനാധ്യാപകനെ സസ്‌പെന്റുചെയ്തു.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ചടങ്ങില്‍ വെച്ച് ജാര്‍ഘണ്ഡ് വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുശോചിച്ചതും വിവാദമായിരുന്നു.