തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന വജ്രകേരളം പരിപാടിയിലേക്ക് മുന്‍ മുഖ്യമന്ത്രിമാരെ ഒഴിവാക്കിയെന്ന് ആക്ഷേപം. മുന്‍മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ തലസ്ഥാനത്ത് നടന്ന വജ്രകേരളം പരിപാടിയില്‍ പങ്കെടുത്തില്ല. നിയമസഭാ സമ്മേളനം രാവിലെ കഴിഞ്ഞയുടന്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാന്ദന്‍ എന്നിവര്‍ ഔദ്യോഗിക വസതികളിലേക്ക് മടങ്ങി.
അതെസമയം പരിപാടിയുടെ ഭാഗമായി ചിരാതുകള്‍ കൊളുത്തുന്ന ചടങ്ങിലേക്കും ഉമ്മന്‍ചാണ്ടിക്കും വിഎസിനും ക്ഷണം കിട്ടിയില്ലെന്നും വിവരങ്ങളുണ്ട്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് രാവിലെ സഭയില്‍ ഇരുവരും സംസാരിച്ചിരുന്നു. കൂടാതെ തലസ്ഥാനത്ത് ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായ എ,കെ ആന്റണിയും പരിപാടിയില്‍ പങ്കെടുത്തില്ല. ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പങ്കെടുക്കാത്തതെന്നാണ് അറിയാന്‍ കഴിയുന്നത്.
ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഗവര്‍ണറെ മറന്നതല്ലെന്നും സര്‍ക്കാര്‍ നടത്തിയ ആഘോഷചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഇത് നിയമസഭയുടെ പരിപാടിയാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ അടക്കമുളള കക്ഷി നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കൂടാതെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോക്കോളിന്റെ പ്രശ്നമുണ്ട്. ഗവര്‍ണര്‍ പങ്കെടുത്താല്‍ ചടങ്ങില്‍ വേദിയില്‍ നിശ്ചിത എണ്ണം അതിഥികള്‍ മാത്രമെ പാടുള്ളു. ഇന്നിവിടെ വേദിയില്‍ അറുപത് പേരുണ്ട്. ഗവര്‍ണര്‍ പങ്കെടുത്താല്‍ ഇത് പരിമിതിപ്പെടുത്തേണ്ടി വരും. അതിനാല്‍ സഭ ആലോചിച്ചത് ഗവര്‍ണറെ തുടര്‍ന്നുളള പരിപാടിയില്‍ പങ്കെടുപ്പിക്കാം എന്നാണെന്നും പിണറായി പറഞ്ഞു.