പാലക്കാട്: വാളയാറില്‍ വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ രണ്ടുമാസത്തിനിടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒമ്പതാംക്ലാസുകാരിയായ ചേച്ചി ലൈംഗീക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. മൃതദേഹപരിശോധനാരേഖയില്‍ ഇതുസംബന്ധിച്ച് സൂചനയുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസംമരിച്ച ഇളയ പെണ്‍കുട്ടിയുടെ കാര്യത്തിലും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി ഏഴോടെയാണ് കഞ്ചിക്കോട് അട്ടംപള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യയുടെ (9) മൃതദേഹം വീട്ടിനകത്ത് കണ്ടെത്തിയത്. ശരണ്യയുടെ മൂത്ത സഹോദരി കൃതികയെ (14) 53 ദിവസം മുമ്പ് ഇതേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം അന്വേഷിച്ച പോലീസിന്റെ അലംഭാവമാണ് അനുജത്തിയുടെ ജീവനെടുത്തതെന്ന് ആരോപണം ഉയര്‍ന്നു
പതിനൊന്നുകാരിയായ മൂത്തമകള്‍ ജനുവരി 13-നും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറിവീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഇരുവരും ഒരേസ്ഥാനത്താണ് തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മൂത്തകുട്ടി. ഇളയമകളും ഏഴുവയസ്സുള്ള മകനും രണ്ടാം ഭര്‍ത്താവിന്റെ മക്കളാണ്.
ഏഴുവര്‍ഷമായി ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് ഇവരുടെ താമസം. വാര്‍പ്പുപണിക്കാരായ ദമ്പതിമാര്‍ ജോലികഴിഞ്ഞ് മടങ്ങിവരുന്നതിന് ഏതാനും മിനിറ്റുകള്‍ക്കുമുമ്പാണ് രണ്ട് കുട്ടികളുടെയും മരണം നടന്നത്. രണ്ടവസരത്തിലും മുത്തശ്ശിയും ആണ്‍കുട്ടിയും ആടുമേക്കാന്‍ പോയിരുന്നതായി പറയുന്നു. കളികഴിഞ്ഞ് മടങ്ങിയെത്തിയതിനുശേഷമാണ് രണ്ടുപേരുടെയും ദുരൂഹമരണം.
ഓടിട്ട ഒറ്റമുറിവീട്ടിലാണ് അഞ്ചുപേരുള്ള കുടുംബം താമസിക്കുന്നത്. പുതിയവീടിന്റെ പണി തൊട്ടടുത്ത് നടക്കുന്നുണ്ട്. കട്ടിലില്‍ക്കയറി നിന്നാല്‍പ്പോലും കൈയെത്താത്ത ഉയരത്തിലാണ് വീടിന്റെ ഉത്തരം. ഈ പ്രായത്തിലെ കുട്ടികള്‍ക്ക് മറ്റാരുടെയും സഹായമില്ലാതെ ഉയരത്തില്‍ എത്തിപ്പിടിക്കുക എളുപ്പമല്ല. മൂത്തകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംശയിക്കപ്പെടുന്ന ബന്ധുവിനെയും പരിസരവാസിയെയും പോലീസ് ചോദ്യംചെയ്തു വരികയാണ്. പാവപ്പെട്ട വീട്ടുകാരായതു കൊണ്ട് തന്നെ മൂത്ത കുട്ടിയുടെ മരണത്തില്‍ ആരും വേണ്ടത്ര ഗൗരവം കൊടുത്തില്ല. ഇതാണ് രണ്ടാമത്തെ കുട്ടിയുടെ ജീവനെടുക്കാന്‍ കാരണം. പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്താനും അന്വേഷണം നേര്‍വഴിക്ക് കൊണ്ടു പോകാനും ആരും ശ്രമിച്ചതുമില്ല
ചേച്ചി തൂങ്ങിനില്‍ക്കുന്നത് ആദ്യംകണ്ടത് കഴിഞ്ഞദിവസം മരിച്ച ഇളയകുട്ടിയാണ്. കളിക്കയാണെന്നുകരുതി കാലില്‍പ്പിടിച്ച് വലിച്ചപ്പോഴാണ് സംശയംതോന്നിയത്. അന്ന് ഇളയകുട്ടി വീട്ടിലേക്കുവരുന്നവഴി മുഖം ടവല്‍കൊണ്ട് മൂടിയ രണ്ട് ആണുങ്ങള്‍ വീട്ടില്‍നിന്നിറങ്ങിപ്പോകുന്നത് കണ്ടിരുന്നതായി പോലീസിന് മൊഴിനല്‍കിയിരുന്നു. ഇളയകുട്ടിയുടെ മനസ്സിനെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്ന കാരണത്താല്‍ കുട്ടിയെ ചൈല്‍ഡ് ലൈനില്‍ കൗണ്‍സലിങ്ങിന് കൊണ്ടുപോകാന്‍ അമ്മയോട് നിര്‍ദേശിച്ചെങ്കിലും അവര്‍ ചെയ്തില്ലെന്ന് പോലീസ് പറഞ്ഞു.