മലപ്പുറം: വണ്ടൂര്‍ സ്റ്റേഷനിലെ തൂങ്ങിമരണത്തില്‍ ദുരൂഹതയെന്ന് സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ലത്തീഫ് തൂങ്ങിമരിച്ച സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ ഒരു സാധാരണ വ്യക്തിക്ക് കഴിയാത്ത രീതിയിലാണ് തൂങ്ങി മരണം നടന്നതെന്നും എയര്‍ഹോളിന് ഉയരം കൂടുതലുള്ളതിനാല്‍ ഒരു അഭ്യാസിക്ക് മാത്രം കഴിയുന്ന രീതിയിലാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. മൃതദേഹത്തില്‍ കണ്ട പരിക്കുകളും വസ്ത്രങ്ങള്‍ മാറിയതായി ബന്ധുക്കള്‍ പറയുന്ന പരാതിയിലും സംശയമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
തുണി എവിടെ നിന്നും കിട്ടിയെന്നുളളത് പരിശോധിക്കണം, കക്കൂസില്‍ നിന്നും ലഭിച്ച രക്തം പരിശോധിക്കുമെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മരണ കാരണം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ലത്തീഫിന്റെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും അദ്ദേഹം മൊഴിയെടുത്തു. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.വിശദമായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ വണ്ടൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് സ്‌റ്റേഷനിലെ കക്കൂസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടയര്‍മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊണ്ടുവന്ന വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടി അബ്ദുല്‍ ലത്തീഫിനെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് വണ്ടൂര്‍ സ്‌റ്റേഷനിലുള്ള കക്കൂസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ അടക്കം മൂന്നു പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. മരണവിവരം പോലീസിനെ അറിയിച്ചില്ലന്നതടക്കമുള്ള പരാതികള്‍ പോലീസിനെതിരെ ഉണ്ട്.