കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ഒമ്പതാമതു മെത്രാപ്പൊലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. കേരള കത്തോലിക്കാ സഭയിലെ മെത്രാന്മാരും വിശ്വാസികളും ഡോ. കളത്തിപ്പറമ്പിലിന്റെ കുടുംബാംഗങ്ങളും ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ബസിലിക്ക അങ്കണത്തിലെ റോസറിപാര്‍ക്കില്‍ തയാറാക്കിയ വിശാലമായ പന്തലില്‍ എത്തിച്ചേര്‍ന്നു.
അതിരൂപതയെ നയിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, വിശ്വാസികളെ നയിക്കാനുള്ള ദൗത്യത്തിന്റെ പ്രതീകമായ അംശവടി ഡോ. കളത്തിപ്പറമ്പിലിനു കൈമാറി. രൂപതാ വൈദികരും അല്‍മായ പ്രതിനിധികളും സന്യസ്ഥ സഭാ പ്രതിനിധികളുമെത്തി വിധേയത്വം പ്രഖ്യാപിച്ചു.
ഡോ. കല്ലറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലാരംഭിച്ച തിരുക്കര്‍മ ങ്ങള്‍ക്കിടയില്‍ അതിരൂപതയ്ക്കു പുതിയ ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള കല്‍പന ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ ചുമതലയുള്ള മോണ്‍ ഹെന്‍ട്രിക് ജഗോണ്‍സ്‌കി വായിച്ചു. കുര്‍ബാന മധ്യേ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചന സന്ദേശം നല്‍കി. സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉള്‍പ്പെടെ ഒട്ടേറെ മെത്രാന്മാര്‍ തിരുക്കര്‍മങ്ങളില്‍ പങ്കാളിയായി.
വരാപ്പുഴ അതിരൂപതയുടെ ഒന്‍പതാമതു മെത്രാപ്പൊലീത്തയും തദ്ദേശീയനായ ആറാമതു മെത്രാപ്പൊലീത്തയുമാണു ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഡോ. കളത്തിപ്പറമ്പിലിന്റെ നിയമനം. വരാപ്പുഴ അതിരൂപതാംഗം തന്നെയായ അദ്ദേഹം അതിരൂപതയില്‍ വൈദികനായിരുന്നു. വികാരി ജനറല്‍, ചാന്‍സലര്‍ എന്നീ പദവികള്‍ വഹിച്ച േശഷമാണു കോഴിക്കോട് രൂപതാ മെത്രാനായി നിയമിതനായത്. വത്തിക്കാനില്‍ പ്രവാസികള്‍ക്കും അഭയാര്‍ഥികള്‍ക്കുമായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.