ശ്രീനാരായണ ഗുരുവിന്റെ ഓര്‍മ്മകൾ ഉറങ്ങുന്ന വര്‍ക്കല ശിവഗിരി മഠത്തിന്റെ ആധുനിക നടത്തിപ്പുകാര്‍ സമൂഹത്തിലെ താഴേത്തട്ടില്‍ നില്‍ക്കുന്നവരോട് കാണിക്കുന്നത് കൊടും ക്രൂരത. ഭൂമി കയ്യേറ്റവും സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കലുമാണ് മഠത്തിന്റെ അധികാരികള്‍ ചെയ്യുന്നതെന്ന് വ്യാപക പരാതി ഉയരുകയാണ്. മഠത്തിന്റെ സമീപം താമസിക്കുന്ന സരള എന്ന ദലിത് സ്ത്രീയുടെ ഭൂമി കയ്യേറാന്‍ ശ്രമിക്കുകയാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റും സന്യാസിമാരും. ഇതിനെതിരെ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വര്‍ക്കല താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു.
85 വര്‍ഷങ്ങള്‍ക്കുമുമ്പ് വര്‍ക്കല ശ്രീനിവാസപുരത്ത് പാച്ചന്‍ എന്ന കൂലിവേലക്കരനായ ദലിതന്‍ ഗോവിന്ദപ്പിള്ള എന്നയാളില്‍നിന്നും വിലയാധാരം വാങ്ങിയ ഭൂമി ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റും സന്യാസിമാരും ചേര്‍ന്ന് ഗുണ്ടകളുടേയും പൊലീസിന്റെയും റവന്യൂ അധികാരികളുടേയും ഒത്താശയോടെ പിടിച്ചടക്കി അനധികൃതമായി റോഡ് വെട്ടിയിരിക്കുകയാണ്.
പരേതനായ പാച്ചന്‍ തന്റെ മക്കള്‍ക്ക് വീതംവെച്ച് നല്‍കിയ ഭൂമിയില്‍ ഏറ്റവും ഇളയമകളായ സരളക്ക് കിട്ടിയ ഏഴര സെന്റ് ഭൂമിയിലാണ് ശിവഗിരി മഠത്തിന്റെ കൈയ്യേറ്റം നടന്നിരിക്കുന്നത്. കൈയ്യേറ്റം തടയാന്‍ ശ്രമിച്ച സരളയേയും കുടുംബത്തേയും ജെസിബി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. കൂടാതെ പരസ്യമായി തെറിവിളിക്കുകയും വര്‍ക്കല പൊലീസിനെ വിളിച്ചുവരുത്തി സരളയേയും കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന പെട്ടിക്കട ജെസിബി ഉപയോഗിച്ച് എടുത്തു മാറ്റി.
സരളയുടെ ഭൂമിയുടെ പുറകിലുള്ള ഏക്കര്‍ കണക്കിന് ഭൂമി അനധികൃതമായി കയ്യടക്കി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവരെ അവിടെ നിന്നും ഓടിക്കാനുള്ള ശ്രമത്തിലാണ് മഠത്തിലെ അധികാരികള്‍. പലതരത്തിലുള്ള ഭീഷണികളെ തുടര്‍ന്ന് സരള പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷനില്‍ പരാതി നല്‍കുകയും കമ്മീഷന്‍ ഇടപെട്ട് ഭൂമി അളന്നുതിരിച്ച് അതിര് നിശ്ചയിച്ചു നല്‍കുകയും ചെയ്തിരുന്നതാണ്. ആ അതിരടക്കം എടുത്തു കളഞ്ഞിട്ടാണ് ഇപ്പോള്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ആവലാതിയുമായി വീണ്ടും സരള പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിച്ചപ്പോള്‍, സിവില്‍ കേസിന് പോകാനാണ് തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. തന്റെ മണ്ണ് വര്‍ഷങ്ങളോളം നീളുന്ന സിവില്‍ കേസ്സില്‍ കുരുങ്ങി നഷ്ടപ്പെടുമെന്നോര്‍ത്ത് വിങ്ങുകയാണ് സരള എന്ന ദലിത് സ്ത്രീ. ഭൂമി സരളക്ക് പട്ടയം ഉള്ളതും അവര്‍ കരമൊടുക്കുന്നതുമാണ്. അതിനാല്‍ തന്നെ റീ സര്‍വ്വേയില്‍ ഭബമി സരളയുടേയതാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മഠവും സ്വാമിമാരും. കൂടാതെ റീ സര്‍വ്വേ നടത്തി അതിരില്‍ നിക്ഷേപിച്ച കല്ലും ഇവര്‍ ബലം പ്രയോഗിച്ച് എടുത്ത് കളഞ്ഞു.
പട്ടികജാതി കമ്മീഷനെയും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളെയും സരള സ്വാധീനിച്ചതിനാലാണ് അവര്‍ക്ക് അനുകൂലമായി ഭിമി അളന്ന് തിരിച്ചത് എന്നാണ് സ്വാമിമാരുടെ വാദം. ഈ വാദം പിന്നീട് താലൂക്ക ഓഫീസ് അധികൃതരും ഏറ്റ് പിടിച്ചിരിക്കുകയാണ്. റീ സർവ്വേ നടത്തിയതില്‍ പിഴവ് വന്നെന്നാണ് വില്ലേജ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ഇതിനെതിരെ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ് ഭൂ സംരക്ഷണ സമിതി.