പാമ്പ് കടിയേറ്റതിന് പിന്നിലെ സത്യാവസ്ഥ പങ്ക് വച്ച് വാവ സുരേഷ്. പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന വന്നു എന്നും അപ്പോൾ ഒരു നിമിഷം ശ്രദ്ധ മാറി എന്നും വാവ സുരേഷ് പറഞ്ഞു. അതാണു പാമ്പു കടിയേല്‍ക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
മെഡിക്കല്‍ കോളജിലെ നിരീക്ഷണ മുറിയില്‍ വിശ്രമിക്കവേയാണ് സംഭവത്തെ കുറിച്ച് വാവ സുരേഷ് വ്യക്തമാക്കിയത്. വാഹനാപകടത്തിലെ പരുക്കാണു തന്റെ ശ്രദ്ധ തെറ്റിച്ചത്. ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നതെന്നും അപകടത്തില്‍ വാരിയെല്ലിനു പൊട്ടല്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ വേദന നിലനില്‍ക്കുമ്പോഴാണ് കുറിച്ചിയില്‍ പാമ്പിനെ പിടികൂടാന്‍ വരണമെന്നു ഫോണ്‍കോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴുത്തിനും വാരിയെല്ലുകള്‍ക്കും നല്ലവേദന ഉണ്ടായിരുന്നതായും ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നതെന്നും വാവാ സുരേഷ് വ്യക്തമാക്കി. 2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്.
രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു. പിന്നീട് ഓര്‍മ വന്നത് നാലാം തീയതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണെന്നും വാവ സുരേഷ് പറഞ്ഞു.
മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവരുടെ സഹായങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും സുഹൃത്തും പഞ്ചായത്തംഗവുമായ മഞ്ജിഷ് എപ്പോഴും കൂടെയുണ്ടെന്നും വാവ പറഞ്ഞു. എല്ലാത്തിനും ഉപരിയായി ഇനിയും വീടുകളില്‍ പാമ്പു കയറിയാല്‍ പഴയപോലെ തന്നെ പാഞ്ഞെത്തുമെന്നും ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വാവ സുരേഷ് ഡിസ്ചാർജ് ആകാനാണ് സാധ്യത. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാര്‍ജ് സംബന്ധിച്ചു തീരുമാനം എടുക്കുക. 65 കുപ്പി ആന്റി സ്‌നേക് വെനമാണ് വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി നല്‍കിയത്. പാമ്പു കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണു നല്‍കാറുള്ളത്.
പതിവനുസരിച്ച് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം മരുന്നു നല്‍കേണ്ടി വന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.