വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കേസ്‌: 108 അഴിമതിയില്‍ കുടുക്കാന്‍ വിഎസ്‌

ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസില്‍ പ്രതിയാണ്. 108 ആംബുലന്‍ സര്‍വ്വീസുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാല്‍ കേരളത്തിലെ 108 ആംബുലന്‍സ് വിഷയത്തിലല്ല എന്ന് മാത്രം. രാജസ്ഥാനിലെ ക്രമക്കേടുകള്‍ക്കാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. കേരളത്തിലെ അഴിമതിയും അന്വേഷിയ്ക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ മാത്രമല്ല ഈ കേസില്‍ പ്രതിയായിട്ടുള്ളത്. മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, അവിടത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കെതിരേയും കേസുണ്ട്. സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിനാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയ്ക്ക് കീഴിലാണ് 108 ആംബുലന്‍സ് പദ്ധതിയും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. രാജസ്ഥാനെ കൂടാതെ പഞ്ചാബ് കേരളം എന്നിവിടങ്ങളിലും സികിത്സയ്ക്ക് തന്നെയാണ് നടത്തിപ്പ് ചുമതല. 14 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് രാജസ്ഥാനിലെ ആരോപണം. ആരോഗ്യവകുപ്പ് നടത്തിയ ഓഡിറ്റിംഗില്‍ ഇത് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

Top