![](https://dailyindianherald.com/wp-content/uploads/2016/04/VEENA-1.png)
കൊച്ചി: തനിക്കെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കള്ളപ്രചാരണമെന്ന് ആറന്‍മുളയിലെ ഇടതു സ്ഥാനാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകയുമായ വീണാജോര്‍ജ്. തന്നെ ആക്രമിക്കാനായി എത്തിയപ്പോള്‍ ആളുകള്‍ ഓടിക്കൂടി ഇല്ലായിരുന്നെങ്കില്‍ മറ്റൊരു സൗമ്യ ഉണ്ടാകുമായിരുന്നെന്നും വീണാ ജോര്‍ജ് പറയുന്നു.
തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ നല്‍കിയ മറുപടിയിലാണ് വീണ ജോര്‍ജ്ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പൊലീസ് കണ്ടെത്തിയ പ്രതിയുടെ വക്കീല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്നും വീണാ ജോര്‍ജ് പറയുന്നു.
പത്തുലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നതും, അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചൂണ്ടിക്കാണിച്ച് നിയമനടപടികള്‍ സ്വീകരിക്കും. തന്നെ അപായപ്പെടുത്താന്‍ ഉണ്ടായ ശ്രമത്തെയും, പിന്നീടുളള പൊലീസ് നടപടിയെയും സോഷ്യല്‍ മീഡിയ വഴി നുണപ്രചരണം നടത്തി ചിലര്‍ വളച്ചൊടിച്ചതാണെന്നും വീണാ ജോര്‍ജ് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. വളരെ ആസൂത്രിതമായി നിര്‍വഹിക്കാന്‍ ശ്രമിച്ച കുറ്റകൃത്യത്തിലെ പ്രതിയെ അന്വേഷിച്ചതും കണ്ടെത്തിയതും പൊലീസാണ്. താനല്ലെന്നും അതിന് മുന്‍പ് അയാളെ അറിയില്ലെന്നും പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ പ്രതി ഏതുമാര്‍ഗവും സ്വീകരിക്കും എന്നുളളത് ഇപ്പോള്‍ വ്യക്തമാകുന്നുവെന്നും വീണാ ജോര്‍ജ് കുറിക്കുന്നു.
അഞ്ചു മാസം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ കോടതിക്ക് മുന്നിലാണ്. ഇക്കാലയളവില്‍ ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ എങ്ങനെ ഉണ്ടായി. ഇരയാക്കപ്പെട്ട ആള്‍ മാപ്പ് പറയണം എന്നത് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. തെളിവുകളും സാക്ഷികളും ഉള്ള കേസില്‍ നുണപ്രചരണം വിലപ്പോവില്ല. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കള്ളക്കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള അസത്യപ്രചരണത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സ്ത്രീകള്‍ സുരക്ഷിതരെന്ന് കരുതുന്ന ഇവിടെ ഇതിന് മുന്‍പും പിന്‍പും ഈ ദുരനുഭവം എത്രയോ സ്ത്രീകള്‍ക്ക് ഉണ്ടായി കാണും. തിരഞ്ഞെടുപ്പ് രംഗത്ത് നുണപ്രചരണം നടത്തിയാല്‍ ഞാന്‍ ഭയന്നോടും എന്ന് ചിലര്‍ സ്വപ്‌നം കണ്ടുകാണും. ഇര അക്രമിയുടെ മുന്നില്‍ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം കേരളീയസമൂഹത്തില്‍ വിലപ്പോവില്ല. എന്നിങ്ങനെയാണ് വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്. എന്നാല്‍ എന്തിനാണ് വീണാജോര്‍ജിനെ ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചതെന്നോ വീണ പറയുന്ന സമയത്ത് ഇയാള്‍ ജോലിക്കിടയിലായിരുന്ന എന്ന വിഡിയോ ദൃശ്യങ്ങള്‍ തെളിവായുള്ള കാര്യവും വീണ മറച്ചുപിടിക്കുന്നുണ്ട്.