കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പേരുയര്‍ന്നു വന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തവാദവുമായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരോട് നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ലെന്നാണ് ഫേസ്ബുക്കിലൂടെ വീണ മറുപടി നല്‍കിയത്.
തന്റെ പേരിലുണ്ടായ ചില പ്രതികരണങ്ങളും വിലയിരുത്തലുകളും അതിനിന്ദ്യവും ചെറുക്കപ്പെടേണ്ടതുമാണ്. അതിനാലാണ് മറുപടി നല്‍കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വര്‍ഗീയ ശക്തികളോട് ശക്തമായ എതിര്‍നിലപാട് സ്വീകരിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിനെതിരേ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്നെ ഒരു പ്രത്യേക പ്രതിനിധിയായി വിലയിരുത്തുന്നതിനെ അതിശക്തമായ താന്‍ വിലയിരുത്തുന്നു എന്നും വീണ മറുപടിയില്‍ പറയുന്നു. മറുപടിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ചുവടെ:
എന്ത് അടിസ്ഥാനത്തിലാണ് എന്നെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി ചിലര്‍ ചിത്രീകരിക്കുന്നത്?
15 വര്‍ഷത്തിലധികം നിങ്ങള്‍ക്കൊപ്പമോ നിങ്ങളുടെയിടയിലോ മാധ്യമപ്രവര്‍ത്തകയായി ഞാന്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രതിനിധിയായതുകൊണ്ടാണോ ഇവര്‍ എന്നെ പരിഗണിക്കുകയും സാമൂഹിക ഇടപെടലുകള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്തത്?
ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ സഭാസമിതിയുടെ തലപ്പത്തേക്ക് എത്തപ്പെട്ട വ്യക്തിയാണ് എന്റെ ഭര്‍ത്താവ് എന്നതുകൊണ്ട് എനിക്കു സ്വന്തമായ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും ഉണ്ടാകാന്‍ വഴിയില്ല എന്നു ചിലര്‍ സമര്‍ഥിക്കുന്നത് എന്തിനു വേണ്ടിയായിരിക്കും?
ഒരു സ്ത്രീക്കു ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന മേഖലകളിലെ സ്വാധീനം കൊണ്ടാണെന്നു പറയുന്നതിലെ സ്ത്രീവിരുദ്ധത തിരിച്ചറിയാനുള്ള ബോധം ഇക്കൂട്ടര്‍ക്ക് എന്നെങ്കിലും ഉണ്ടാകുമോ?
പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള എന്റെ സഹകരണവും ഇടപെടലും വിദ്യാര്‍ഥി ജീവിതകാലത്തെ ഇടതു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി എന്നില്‍ സ്വാംശ്വീകരിക്കപ്പെട്ട ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല.