നിരപരാധിയായ യുവാവിനെ ജയിലിലടച്ചു കല്ല്യാണം മുടങ്ങി ഇതിന് വീണാജോര്‍ജ്ജ് മാപ്പുപറയുമോ? ആദര്‍ശം പ്രസംഗിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ തനിനിറം

കൊച്ചി: മാധ്യമപ്രവര്‍ത്തകയും ആറന്‍മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വീണാ ജോര്‍ജ്ജിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് ജനാര്‍ദ്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിപ്പോര്‍ട്ട് ചാനലിലായിരിക്കെ വീണ നല്‍കിയ പരാതിയില്‍ നിരപരാധിയായ ഒരു യുവാവ് പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്ന സംഭവം തുറന്ന പഞ്ഞാണ് വീണാജോര്‍ജ്ജിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. തെറ്റായ പരാതിയുടെ പേരില്‍ യുവാവിന്റെ ജീവിതം തകര്‍ത്തതിന് വീണാജോര്‍ജ്ജ് മാപ്പുപറയണമെന്ന് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നതിങ്ങനെ; 2015 നവംബറില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് വീണ ജോര്‍ജ്ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി സ്വദേശിയായ സനോജ് എന്ന 29 വയസുള്ള ലോറി ഡ്രൈവറെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (e) വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തപ്പെട്ട സനോജിന് 14 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വീണ ജോര്‍ജ്ജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് സനോജ് ജോലി സ്ഥലത്തായിരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കണ്ട വീണ താടിക്ക് കൈ കൊടുത്തിരുന്നു പോയെന്നും പോസ്റ്റില്‍ പറയുന്നു.

നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും സനോജ് ഇപ്പോഴും കേസില്‍ പ്രതിയാണ്. അദ്ദേഹത്തിന്റെ കല്ല്യാണവും മുടങ്ങി. ജാമ്യത്തിലിറങ്ങിയ സനോജ് പുറത്തിറങ്ങാന്‍ പോലും കഴിയാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സാഹചര്യത്തില്‍ സത്യമറിയാവുന്ന വീണ ജോര്‍ജ്ജ് സനോജിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തോട് മാപ്പു പറയണമെന്നും ഗിരീഷ് ജനാര്‍ദ്ദനന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്…

അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ?

എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഇരുപത്താറിനോ മറ്റോ റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി…മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠൂരനായ പ്രതിയായി ആ വീഡിയോയില്‍ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.

റഫീഖ് വീഡിയോ ഓഫ് ചെയ്തു. സര്‍വത്ര നിശ്ശബ്ദത. ഞാന്‍ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാള്‍ സര്‍വം തകര്‍ന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിരുന്നോ?

ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറില്‍ ഞങ്ങള്‍ എറണാകുളത്തേയ്ക്കു പോവുകയാണ്..ഇടയ്ക്കു ഞങ്ങള്‍ വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങള്‍ കേള്‍ക്കും…

ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ് അഡ്വ. മന്‍സൂറിന്റെ ക്യാബിന്‍ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. വെലോസിറ്റി ബിയര്‍ പാര്‍ലറില്‍ ആ കേസ് ഫയല്‍ മറിച്ചുനോക്കി ഞാനിരുന്നു…

റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോര്‍ജ്ജായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കണ്‍മണി സ്ഥാനാര്‍ത്ഥി.

പൊലീസ് രേഖകള്‍ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL7 രജിസ്‌ട്രേഷനിലുള്ളതും 77ല്‍ അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വീണാ ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ ? മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തില്‍ പൊലീസ് സനോജിനേയും പൊക്കുന്നു. അയാള്‍ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറി ഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. നീ നാളെ സ്‌റ്റേഷനില്‍ ഹാജരാകണം…

ആരോ കളിപ്പിക്കാന്‍ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണല്‍ പാര്‍ക്കില്‍ പണിക്കെത്തിയപ്പോള്‍ പണി പാളി. രണ്ടു പൊലീസുകാര്‍ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ്..

കാര്യമെന്തെന്നറിയാതെ സനോജ് സ്‌റ്റേഷനില്‍ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങള്‍ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാര്‍ അയാളോട് പറഞ്ഞു.

പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ?

സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്…

മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ…

പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം?

യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു…

യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.

വീണയും തബലയും പോലെ ആ ഓര്‍ത്തഡോക്‌സ് ദമ്പതികള്‍ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (a) വകുപ്പുകള്‍ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (D), ആ ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു.

വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്‌ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം…

സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്…ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന്് വീഡിയോയിലുണ്ട്…

മണല്‍ പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം…

വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം..

വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍്ക്കുന്നു…

ഞാനുപസംഹരിക്കുയാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജ്ജ്, നിങ്ങള്‍ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്… അയാള്‍ക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നില്‍ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയില്‍പ്പോലും പോകാന്‍ ധൈര്യപ്പെടാതെ വീടിനുള്ളില്‍ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകര്‍ത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..

നിങ്ങളെഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ.. നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്…

പ്രിയപ്പെട്ട വീണാ ജോര്‍ജ്, ആദരണീയരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവര്‍ത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാന്‍ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങള്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രന്‍ നായര്‍ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്… സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്…

അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തന്‍പള്ളിയിലെ ആ പാവം വീട്ടില്‍ച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ…

 

Top