കന്നഡ ചലച്ചിത്ര താരമായിരുന്ന രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയം കോടതിയാണ് ഇതുസംബന്ധിച്ച കേസിൽ വിധി പറഞ്ഞത്. കേസിൽ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. കേസിൽ വിചാരണ നേരിട്ടവർക്ക് വീരപ്പൻ, സേതുകുഴി ഗോവിന്ദ എന്നിവരുമായുള്ള ന്ധം തെളിയിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാത്തതിന് രാജ്‌കുമാറിന്‍റെ കുടുംബത്തെ അഡീഷണൽ ജില്ലാ ജഡ്ജി കെ മണി വിമർശിച്ചു. വീരപ്പൻ ഉൾപ്പടെ എട്ടുപേരായിരുന്നു കേസിൽ പ്രതികൾ. ഇതിൽ വീരപ്പൻ ഉൾപ്പടെ മൂന്നുപേർ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു.
ശേഷിച്ച അഞ്ചുപേർ ഇപ്പോഴും ജയിലിലാണ്. ഗോവിന്ദ രാജ്, അന്തിൽ, പസുവണ്ണ, കുപ്പുസ്വാമി, കൽമാഡി രാമൻ എന്നിവർ ജയിലിലാണ്. കേസിൽ ഒരാൾ അറസ്റ്റിലാകാനുണ്ടായിരുന്നു. 18 വർഷവും രണ്ടു മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്.രാജ്‌കുമാറിനെയും മറ്റ് മൂന്നുപേരെയുമാണ് വീരപ്പനും സംഘവും കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്.
തലവാഡിയിലെ ദോഡ ഗജനൂരിലെ ഫാം ഹൌസിൽ ഭാര്യയ്ക്കൊപ്പം കഴിയവെയാണ് രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയത്. രാജ്‌കുമാറിന്‍റെ മരുമകൻ എസ്.എ ഗോവിന്ദരാജ്, അടുത്ത ബന്ധു നാഗേഷ്, അസിസ്റ്റന്‍റ് സംവിധായകൻ നാഗപ്പ എന്നിവരെയാണ് 2000 ജൂലൈ 30ന് തട്ടിക്കൊണ്ടുപോയത്. ഇതിൽ നാഗപ്പ പിന്നീട് വീരപ്പന്‍റെ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. മറ്റുള്ളവർ 108 ദിവസത്തോളം വീരപ്പന്‍റെ തടവിലായിരുന്നു. ഒടുവിൽ 2000 നവംബർ 15നാണ് രാജ്‌കുമാറിനെയും കൂട്ടരെയും മോചിപ്പിച്ചത്. സംഭവത്തിൽ തലവാഡി പൊലീസ് വീരപ്പൻ ഉൾപ്പടെ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസന്വേഷണം പിന്നീട് കോയമ്പത്തൂർ സിബി-സിഐഡി ഏറ്റെടുത്തിരുന്നു. 2004 ഒക്ടോബർ 18ന് പ്രത്യേക ദൗത്യസംഘം നടത്തിയ ഓപ്പറേഷൻ കൊക്കൂണിലൂടെ വീരപ്പനെയും രണ്ട് അനുയായികളെയും വധിച്ചിരുന്നു. രാജ്‌കുമാർ 2006 ഏപ്രിൽ 12ന് അന്തരിച്ചു.