![](https://dailyindianherald.com/wp-content/uploads/2016/04/rajajinagarjaywapachakkari-2.jpg)
തിരുവനന്തപുരം: വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ കെ.പി.സി.സി ഗാന്ധി സമൃദ്ധി സെല്ലിന്റെ വിഷുവിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന വിളവെടുപ്പിനാണ് അദ്ദേഹം എത്തിയത്. വിഷു ദിനത്തിലെ കെ.പി.സി പ്രസിഡന്റിന്റെ സന്ദര്‍ശനം കോളനി നിവാസികള്‍ക്ക് ആവേശമായി. വിവിധയിനം ചീരകള്‍, വെണ്ട, കത്തിരി, വഴുതണ, പയര്‍ തുടങ്ങീ നിരവധി പച്ചക്കറി ഇനങ്ങളാണ് വിളവെടുത്തത്. കോളനി നിവാസികള്‍ കൂട്ടായാണ് ജൈവപ്പച്ചറി കൃഷി നടത്തിയത്. ഇവരെ സഹായിക്കാന്‍ പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അവര്‍ കോളനിയില്‍ തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സുധീരനോട് പങ്കുവച്ചു. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. വീണ്ടും കൃഷിനടത്തുന്നതിന് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. വി.എം സുധീരന് നയിച്ച ജനരക്ഷായാത്രയും ജനപക്ഷയാത്രയും നല്കിയ സന്ദേശമാണ് ജൈവകൃഷി പ്രചാരണം കേരളത്തില്‍ ശക്തിപ്പെടാന്‍ കാരണമായതെന്ന് ഗാന്ധി സമൃദ്ധി സെല്ലിന്റെ ഭാരവാഹികള്‍ പറയുന്നു. കാര്‍ഷികരംഗത്ത് വിഷവിമുക്തമാക്കുകയാണ് ഹരിതസമൃദ്ധി പദ്ധതിയ്ക്ക് രൂപം നല്‍കിയത്. കേരളത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൈവ കൃഷി നടത്തുന്നുണ്ടന്നും ഭാരവാഹികള്‍ അറിയിച്ചു. വിളവെടുപ്പിന് മന്ത്രി വി.എസ് ശിവകുമാര്‍, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന സെക്രട്ടറി സനല്കുളത്തിങ്കല്, കോ.ഓഡിനേറ്റര്‍മാരായ മുതാക്കല്‍ ശ്രീധരന്, എന്‍.കെ വിജയന്, കെ.പി.സി.സി അംഗം മര്യാപുരം ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.എസ് നിസൂര്‍, സി.സി.സി സെക്രട്ടറി ഹരികുമാര്‍, ജവഹര്‍ ബാലജനവേദി ചെയര്മാന് ജി.വി ഹരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പരമേശ്വരന് നായര്‍, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ സതീഷ്, മണക്കാട് രാജേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത് തുടങ്ങിയവര്‍ നേതൃത്വം നല്കി.