കേന്ദ്രം ഇടപെടുന്നു: വെള്ളാപ്പള്ളിക്ക് അൻപത് സീറ്റ്; ബിജെപി സഖ്യം 140 സീറ്റിലും മത്സരിക്കും; തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: ബിജെഡിഎസിനു 40 സീറ്റ് മാത്രമേ നൽകൂ എന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി കേന്ദ്ര നേതൃത്വം. വെള്ളാപ്പള്ളിക്കും സഖ്യത്തിനും അൻപത് സീറ്റെങ്കിലും നൽകണമെന്ന കർശന നിർദേശമാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. കേരളത്തിലെ ബിജെപി സഖ്യത്തിൽ വെള്ളാപ്പള്ളിക്കും സംഘത്തിനും ശക്തമായ സാന്നിധ്യമുണ്ടാകുമെന്നും ഉറപ്പായി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബിജെഡിഎസിനു സ്ഥാനാർഥികളുണ്ടാകുമെന്ന ഉറപ്പാണ് കേന്ദ്ര ബിജെപി നേതൃത്വം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ ബിജെഡിഎസിനു നൽകണമെന്ന കർശന നിർദേശമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിൽ നിന്നു ലഭിച്ചിരിക്കുന്നത്.
ബിജെപിയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നു ഉറപ്പായതോടെ ബിജെഡിഎസ് സ്ഥാനാർഥി പട്ടിക തയ്യാറാക്കാനുള്ള നിർദേശം സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടുണ്ട്. എസ്എൻഡിപിയുടെ ഓരോ ശാഖകളിൽ നിന്നും കൃത്യമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിജെഡിഎസ് സ്ഥാനാർഥികളെ നിർണയിക്കാൻ ഒരുങ്ങുന്നത്. ഇതേ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സീറ്റു നേടാനുള്ള സാധ്യതകളും ബിജെഡിഎസ് നേതൃത്വം പരിശോധനാ വിധേയമാക്കുന്നുണ്ട്.
എസ്എൻഡിപി യോഗത്തിന്റെ എല്ലാ യൂണിയൻ ഭാരവാഹികൾക്കും ഇത്തവണ ബിജെഡിഎസ് സീറ്റു നൽകുമെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ഓരോ യൂണിയനുകളിലെയും സെക്രട്ടറിമാർക്കോ പ്രസിഡന്റിനോ ആകും സീറ്റ് ഉറപ്പായും നൽകുക. നിലവിലെ സാഹചര്യത്തിൽ പതിനഞ്ചു സീറ്റെങ്കിലും സ്വന്തമാക്കാമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലെ എസ്എൻഡിപിയുടെ ശക്തികേന്ദ്രമായ ചേർത്തലയിൽ തന്നെ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നു യോഗ നേതൃത്വം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top