രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: ബിജെപിയും ബിജെഡിഎസും തമ്മിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണകളടക്കം പൂർത്തിയായെങ്കിലും കാലുവാരൽ ഭീതിയിൽ ഇരു പാർട്ടികളും. ബിജെപിയിലെ സവർണ നായർ – ബ്രാഹ്മണ വോട്ടുകളെ ഭയന്നാണ് വെള്ളാപ്പള്ളി നടേശന്റെ പാർട്ടിയായ ബിജെഡിഎസ് ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എന്നാൽ, കൃത്യമായ അഭിപ്രായമോ, രാഷ്ട്രീയ ചട്ടക്കൂടോ ഇല്ലാത്ത വെള്ളാപ്പള്ളി നടേശനെ വിശ്വസിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടിയാവുമോ എന്ന ഭയമാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആരംഭിച്ച ബിജെപി – ബിജെഡിഎസ് സഖ്യം പക്ഷേ വേണ്ടത്ര ഫലം ചെയ്തില്ലെന്ന നിലപാടാണ് ആദ്യ മുതൽ തന്നെ എസ്എൻഡിപി സ്വീകരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ നേടാവുന്നതിന്റെ പകുതി പോലും സീറ്റ് എസ്എൻഡിപിക്കു നേടാനായില്ല. എന്നാൽ, പലയിടത്തും ബിജെപി സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു. സംസ്ഥാനത്തെ എസഎൻഡിപി ശക്തി കേന്ദ്രങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ, ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോലും മത്സരിച്ച എസ്എൻഡിപി സ്ഥാനാർഥികൾക്കു വിജയിക്കാനായില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
എല്ലാക്കാലത്തും ബിജെപിയോടൊപ്പം നിന്നിരുന്ന സവർണ ഹിന്ദു വിഭാഗങ്ങളുടെ വോട്ട് ചോർന്നതാണ് എസ്എൻഡിപിക്കു പാരയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എൻഡിപിക്കു വോട്ട് ചെയ്യാൻ ഈ വിഭാഗത്തിനു തീരെ താല്പര്യവുമുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് വെള്ളാപ്പള്ളി നടേശൻ ബിജെപിയുമായി സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ചതും. ബിജെപിക്കൊപ്പം നിന്നാൽ തിരിച്ചടി ലഭിക്കുമെന്നു വെള്ളാപ്പള്ളി ഭയക്കുന്നു. തങ്ങൾക്കൊപ്പമുള്ള സവർണ വിഭാഗങ്ങൾ എസ്എൻഡിപിക്കു വോട്ട് ചെയ്യില്ലെന്നു ബിജെപിയും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന നേതൃത്വം എസ്എൻഡിക്കു കൂടുതൽ സീറ്റ് നൽകുന്നതിനെ എതിർത്തു പോന്നിരുന്നതും. എന്നാൽ, കേരളത്തിൽ ഇരു സഖ്യകക്ഷികളും തമ്മിൽ ധാരണയിൽ എത്തുന്നത് നിലവിലുള്ള ജയ സാധ്യതയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.