
സ്വന്തം ലേഖകൻ
ആലപ്പുഴ: എൻഡിഎ സഖ്യത്തിൽ ബിജെപി ഒഴികെ മറ്റൊരൂ കക്ഷികൾക്കും മികച്ച പ്രകടനം നടത്താനാവാതെ വന്നതോടെ എൻഡിഎ വിടാൻ ബിഡിജെഎസ് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ മത്സരിച്ചിട്ടും പ്രതീക്ഷിച്ച വോട്ട് ഷെയർ ലഭിക്കാതെ വന്നതും, തുഷാർ വെള്ളാപ്പള്ളിക്കു കേന്ദ്രമന്ത്രിസ്ഥാനം നൽകില്ലെന്ന ബിജെപി നേതൃത്വത്തിന്റെ ഭീഷണിയുമാണ് മുന്നണി വിടാൻ വെള്ളാപ്പള്ളി നടേശനെ പ്രേരിപ്പിക്കുന്നത്.
140 നിയോജക മണ്ഡലങ്ങളിൽ മത്സരിച്ച എൻഡിഎ സഖ്യത്തിനു 71 സീറ്റുകളിൽ കെട്ടിവച്ച കാശ് നഷ്ടമായിട്ടുണ്ട്. നേമത്ത് ഒ.രാജഗോപാൽ വിജയിച്ചപ്പോൾ, ഏഴിടത്തു രണ്ടാമത്് എത്താൻ മാത്രമാണ് എൻഡിഎ സഖ്യത്തിനു സാധിച്ചത്. ഇതിൽ തന്നെ ബിഡിജെഎസ് ഏറെ പ്രതീക്ഷ വച്ചിരുന്ന ഏറ്റുമാനൂരിലും, കുട്ടനാട്ടിലും, തൃപ്പൂണിത്തുറയിലും ഒരു ചലനവും ഉണ്ടാക്കാൻ മുന്നണിക്കു സാധിച്ചതുമില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 26.15 ശതമാനം വോട്ട് ലഭിച്ച ബിജെപിയ്ക്കും എൻഡിഎ സഖ്യത്തിൽ മത്സരിച്ചിട്ടു പോലും നാലു ശതമാത്തിന്റെ വർധനവ് മാത്രമാണ് ഉണ്ടായത്. 30.20 ശതമാനത്തിൽ എത്തിയത് സ്വന്തം കരുത്തിലാണെന്നും ബിജെപി വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയെയും സഖ്യകക്ഷികളെയും ഒപ്പം കൂട്ടിയത് സ്വന്തം വോട്ടിൽ ചോർച്ചയുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വം.
വെള്ളാപ്പള്ളി നടേശൻ വെല്ലുവിളിച്ച സ്ഥാനാർഥിമാരിൽ എല്ലാവരും വിജയിക്കുകയും, പിൻതുണച്ചതിൽ അടൂർ പ്രകാശ് ഒഴികെ എല്ലാവരും പരാജയപ്പെടുകയും ചെയ്തു. ഇതുമാത്രമല്ല, വിഎസിന്റെ ലീഡ് കുറയ്ക്കുമെന്നു വെല്ലുവിളിച്ച വെള്ളാപ്പള്ളിയ്ക്കു കനത്ത തിരിച്ചടിയാണ് ലഭിച്ചതും. വിഎസിന്റെ ലീഡ് കുറയ്ക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, കനത്ത തോതിൽ ലീഡ് ഉയരുകയും ചെയ്തു. ഇതുമാത്രമല്ല, ബിഡിജെഎസിനു ശക്തിയുണ്ടായിരുന്ന കുട്ടനാട്ടിലും, ഏറ്റുമാനൂരിലും, തൃപ്പൂണിത്തുറയിലും ബിജെപിയുടെ പരമ്പരാഗത നായർ വോട്ടുകൾ ഇടതു സ്ഥാനാർഥികൾക്കു ലഭിക്കുകയും ചെയ്തു. ഇതെല്ലാം തിരിച്ചടിയായെന്ന കണക്കു കൂട്ടലിലാണ് ഇപ്പോൾ ബിഡിജെഎസ് നേതൃത്വം. കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാത്തിരുന്നതിനാൽ, വെള്ളാപ്പള്ളിയ്ക്കും കൂട്ടർക്കും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ ഭരണത്തിന്റെ തണൽപറ്റി നിൽക്കാൻ ഇനി ഇടതു മുന്നണിയോടു ചേർന്നു നിൽക്കാനാണ് ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നത്.