![](https://dailyindianherald.com/wp-content/uploads/2016/05/vsa.jpg)
സ്വന്തം ലേഖകൻ
മലമ്പുഴ: പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദനെ വീഴ്ത്താൻ മലമ്പുഴ നിയോജക മണ്ഡലത്തിൽ 101 അംഗ പ്രചാരണ സേനയുമായി എസ്എൻഡിപി നേതൃത്വം. വിഎസിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും വെള്ളാപ്പള്ളി നടേശൻ നേരിട്ടു പ്രചാരണത്തിനെത്തും.
പാലക്കാട് ജില്ലയിലെ ഒൻപതു പഞ്ചായത്തുകളാണ് വി.എസ് മത്സരിക്കുന്ന മലമ്പുഴ നിയോജക മണ്ഡലത്തിലുള്ളത്. ഈ പഞ്ചായത്തുകളിലെല്ലാം ശക്തമായ സാന്നിധ്യമാണ് എസ്എൻഡിപി വിഭാഗങ്ങൾക്കുള്ളത്. മണ്ഡലതതിൽ മുപ്പതിനായിരത്തിലേറെ എസ്എൻഡിപി വോട്ടുകളുണ്ടെന്ന കണക്കു കൂട്ടലാണ് എസ്എൻഡിപി നേതൃത്വം. ഈ വോട്ടുകളിൽ പകുതിയെങ്കിലും ബിഡിജെഎസ് സ്ഥാനാർഥിക്കു ലഭിച്ചാൽ വി.എസ് അച്യുതാനന്ദന്റെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് എസ്എൻഡിപിയുടെ കണക്കു കൂട്ടൽ.
അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ, മലമ്പുഴ, മരുതറോഡ്, മുണ്ടാർ, പുതുശേരി, പുതുപ്പരിയാരം പഞ്ചായത്തുകളാണ് മലമ്പുഴ നിയോജക മണ്ഡലത്തിലുള്ളത്. ഇതിൽ എലപ്പുള്ളിയിലും, കൊടുമ്പയിലും, മരുതറോഡിലും എസ്എൻഡിപി നേതൃത്വത്തിനു ശക്തമായ സ്വാധീനമുണ്ട്. ഈ പഞ്ചായത്തുകളിൽ ബിഡിജെഎസ് നേതൃത്വത്തിന്റെ ശക്തമായ പ്രവർത്തനത്തിലൂടെ സ്ഥാനാർഥിക്കു ലീഡെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ശക്തമായി പ്രവർത്തിച്ചാൽ വി.എസിനെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കണക്കു കൂട്ടുന്നു.
ഇതിനായാണ് ഓരോ പഞ്ചായത്തിലും പത്തു മുതൽ പതിനഞ്ചു വരെ പേരടങ്ങുന്ന 101 അംഗ സേനയെ നിയോജക മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്. കൃത്യമായി പരിശീലനം ലഭിച്ച ഈ സേനാംഗങ്ങൾ ഇനിയുള്ള പത്തു ദിവസം മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും. ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിൽ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും നേരിട്ടു പങ്കെടുക്കും. എസ്എൻഡിപി യോഗത്തെ തകർക്കുന്നതിനു വേണ്ടി വി.എസ് അച്യുതാനന്ദൻ സ്വീകരിച്ച നിലപാടുകൾ യോഗം പ്രവർത്തകർക്കു മുന്നിൽ എത്തിക്കുകയാണ് വെള്ളാപ്പള്ളിയും സഖ്യവും മണ്ഡലത്തിൽ ഇനി ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിഎസിനു ലഭിക്കുന്ന നിഷ്പക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് വെള്ളാപ്പള്ളിയും സഖ്യകക്ഷികളും ചെയ്യാനുദ്ദേശിക്കുന്നത്.